ദില്ലി: ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ കേന്ദ്ര മന്ത്രിസഭ അനുമതി. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകും. പദ്ധതിയുടെ ഗുണം ആറ് കോടിയിലധികം മുതിർന്ന പൗരന്മാർക്ക് ലഭിക്കും. നാലര കോടിയിലേറെ കുടുംബങ്ങൾ പദ്ധതിയുടെ കീഴിൽ വരുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാരെയും അവരുടെ സാമൂഹിക, സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) പദ്ധതിയിലേക്ക് പരിഗണിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. യോഗ്യരായ മുതിർന്ന പൗരന്മാർക്ക് പ്രത്യേക കാർഡ് നൽകുമെന്നും സർക്കാർ അറിയിച്ചു.