ചെന്നൈ: മലയാള സിനിമാലോകത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വിവിധ വെളിപ്പെടുത്തലുകള്‍ വരുകയാണ്. ഇത്തരത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍കാല നടി സൗമ്യ. തമിഴ് സംവിധായകനെതിരെ ഞെട്ടിപ്പിക്കുന്ന ബലാത്സംഗ ആരോപണവുമാണ് നടി ഉന്നയിക്കുന്നത്.
മലയാളത്തിൽ ഒരു കാലത്ത് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് സൗമ്യ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ.സുജാത. ‘നീലകുറുക്കൻ,’ ‘അദ്വൈതം,’ ‘പൂച്ചയ്ക്ക് ആര് മണികെട്ടും’ എന്നീ ചിത്രങ്ങളിലെ സൗമ്യയുടെ വേഷങ്ങള്‍ ശ്രദ്ധേയമാണ്. അദ്വൈതം സിനിമയിലെ അമ്പലപ്പുഴ ഉണ്ണികണ്ണന് എന്ന ഗാനത്തിലെ നടിയെ മലയാളി അത്ര വേഗം മറക്കില്ല.
സിനിമ ലോകത്തെ ലൈംഗിക പരാതികള്‍ പരിശോധിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് തന്നെ ലൈംഗികമായി പീഡിപ്പിച്ച സംവിധായകനെ സംബന്ധിച്ച് പരാതി നല്‍കും എന്നാണ് സൗമ്യ പറയുന്നത്.
ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസക്കാരിയായ ഡോ.സുജാത തന്റെ സിനിമ കരിയറിലെ ആദ്യകാലത്ത് പ്രമുഖ സംവിധായകൻ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തി. വർഷങ്ങൾക്ക് മുമ്പ് സിനിമാലോകം വിട്ട സൗമ്യ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
സംവിധായകൻ തന്നെ ബലാത്സംഗം ചെയ്യുക മാത്രമല്ല, മാനസികവും ശാരീരികവും ലൈംഗികവുമായ തന്നെ അടിമയായിഎന്നാണ് പറയുന്നത്. “വിനോദത്തിനായി സംവിധായകൻ തന്റെ ജനനേന്ദ്രിയത്തിൽ വടി കയറ്റി”എന്നാണ് അഭിമുഖത്തില്‍ നടി ആരോപിക്കുന്നത്.
ഇതാദ്യമായല്ല സൗമ്യ പീഡനത്തെക്കുറിച്ച് പറയുന്നത്. ഒരു യൂട്യൂബ് ചാനലിൽ തന്റെ അമ്മായി, നടി ലക്ഷ്മി രാമകൃഷ്ണനുമായുള്ള അഭിമുഖത്തിൽ, താൻ അനുഭവിച്ച അനുഭവം സംബന്ധിച്ച് നേരത്തെയും ഡോ.സുജാത വെളിപ്പെടുത്തിയിരുന്നു. തനിക്ക് 18 വയസ്സുള്ളപ്പോൾ ഭാര്യയോടൊപ്പം ആദ്യമായി സമീപിച്ച സംവിധായകൻ തന്നെ “ലൈംഗിക അടിമയായി വളർത്തിയെടുത്തു” എന്നാണ് താരം വെളിപ്പെടുത്തി.
സൗമ്യ പറയുന്നതനുസരിച്ച്, പതിനെട്ടാം വയസില്‍ ഒരു പ്രമുഖ നടി അവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് എന്ന് പറഞ്ഞ് അവരെ സമീപിച്ചു. അവരുടെ ഭര്‍ത്താവായ പ്രമുഖ സംവിധായകനാണ് ഓഡീഷന് നടത്തിയത്. എന്നാല്‍ ആദ്യദിവസം തന്നെ ഇയാളുടെ പെരുമാറ്റം മോശമായതോടെ പനി പോലും വന്നു പടത്തില്‍ ഇല്ലെന്ന് പറഞ്ഞ് മടങ്ങി. എന്നാല്‍ പിതാവിനെ വിളിച്ച് വലിയ തുക വാഗ്ദാനം നല്‍കിയതോടെ അച്ഛന്റെ നിര്‍ബന്ധന പ്രകാരം അഭിനയിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ ഭാര്യ സംവിധായിക എന്നത് കടലാസില്‍ ആയിരുന്നു. അയാള്‍ തന്നെയായിരുന്നു സംവിധാനം. പിന്നീട് ഇയാള്‍ തന്ത്രപൂര്‍വ്വം ഒരു അച്ഛന് ഇമേജ് എന്നിലുണ്ടാക്കി എന്റെ ഇഷ്ടം പിടിച്ചുവാങ്ങി. അതെല്ലാം മാനിപ്പുലേഷനായിരുന്നു. പിന്നീട് ഭാര്യയില്ലാത്തപ്പോള്‍ ചുംബിച്ചു. പിന്നീട് ഒരു വിവാഹ രംഗം എടുത്ത ശേഷം പട്ടുസാരിയില്‍ വീട്ടിലെത്തിയപ്പോള്‍ ആ വേഷത്തില്‍ പീഡിപ്പിച്ചു ജനനേന്ദ്രീയത്തില്‍ വടികയറ്റി പിന്നീട് മലയാള സിനിമയിലേക്കും മറ്റും പോയപ്പോഴാണ് ഇത് കുറഞ്ഞത് എന്ന് സൗമ്യ പറയുന്നു.
മലയാള സിനിമ രംഗത്തും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു. ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ പേര് പറയുന്ന നടന്റെ മോശം പെരുമാറ്റത്തിലാണ് താന്‍ സിനിമ രംഗം വിട്ടത് എന്നാണ് സൗമ്യ പറയുന്നത്. ഗാനങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ റിഹേസലില്‍ ഇല്ലാത്ത രംഗങ്ങളില്‍ ശരീരത്തില്‍ കയറിപ്പിടിക്കുന്നത് പതിവാണെന്ന് നടി പറയുന്നു. ഇതെല്ലാം തുറന്നു പറയാന്‍ ഇപ്പോള്‍ അവസരം തന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാണെന്ന് സൗമ്യ പറയുന്നു.
തന്നെ പീഡിപ്പിച്ച സംവിധായകന് ഇപ്പോള്‍ 70 വയസില്‍ ഏറെയായി കാണും. അയാളെ ജയിലില്‍ ആക്കുക എന്നതല്ല. ദൈവം എന്റെ കൂടെയുണ്ട് എന്നാണു കരുതുന്നത്.ഒരു വിവാദം ഉണ്ടാക്കണം എന്ന് ആഗ്രഹമില്ല, പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അറിയണം. കണ്‍സെന്റ് എന്നത് മഞ്ഞുമലയുടെ അറ്റമാണ്. മലയാള സിനിമയില്‍ മാത്രം അല്ല ഈ ചര്‍ച്ചകള്‍ എല്ലാ ഭാഷയിലും നടക്കണമെന്നും സൗമ്യ പറഞ്ഞു.