ദില്ലി: പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി നിയമയുദ്ധം നടത്തുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സിപിഎമ്മും കോണ്‍ഗ്രസുമടക്കം പ്രധാന നാലു രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷക്കണക്കിന് രൂപ ഫണ്ട് വാങ്ങിയതായി രേഖകള്‍. ദില്ലി ആസ്ഥാനമായ ഒരു ട്രസ്റ്റ് വഴി സിപിഎമ്മിന് 18 ലക്ഷം രൂപയും കോണ്‍ഗ്രസിന് 12 ലക്ഷം രൂപയും ഹാരിസണ്‍ നല്‍കിയതായാണ് രേഖകള്‍. റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐക്ക് ഹാരിസണില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും കിട്ടി.
ദില്ലി ആസ്ഥാനമായ ജന്‍പ്രഗതി ഇലക്ട്രല്‍ ട്രസ്റ്റ്. 2021 ഡിസംബര്‍ 23ന് ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യക്ക് ട്രസ്റ്റ് നല്കിയ കണക്കാണിത്. ഇലക്ട്രല്‍ ട്രസ്റ്റ് എന്ന നിലയില്‍ കോര്‍പറേറ്റ് കന്പനിയായ ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്ന് സ്വീകരിച്ച തുകയെക്കുറിച്ചും തുടര്‍ന്ന് ഈ തുക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയതിനെക്കുറിച്ചും പറയുന്ന കണക്കുകള്‍ ഇങ്ങനെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് അതായത് മാര്‍ച്ച് 26ന് ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്ന് ജന്‍പ്രഗതി ട്രസ്റ്റിലേക്ക് എത്തിയ തുക 39ലക്ഷം രൂപ. തൊട്ടു പിറ്റേന്നു തന്നെ അതായത് നിയമസഭാ തെരഞ്ഞെടുപ്പിന് കൃത്യം 10 ദിവസം മുന്‍പ് കേരളത്തിലെ നാല് രാഷ്ട്രീയ കക്ഷികള്‍ക്ക് ജന്‍പ്രഗതി ട്രസ്റ്റ് ഈ തുക നല്കി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് നല്‍കിയത് 12 ലക്ഷം രൂപ. ഐസിഐസിഐ ബാങ്കിന്റെ മുംബൈ വോര്‍ളി ശാഖവഴിയാണ് കെപിസിസിക്കുളള പണം കൈമാറിയത്. ശ്രേയാംസ് കുമാര്‍ നേതൃത്വം നല്കിയ ലോക് താന്ത്രിക് ജനതാ ദളിന് നല്‍കിയത് രണ്ട് ലക്ഷം രൂപ. റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐക്ക് നല്‍കിയത് അഞ്ച് ലക്ഷം രൂപ. സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ഐസിഐസിഐ ബാങ്ക് വഴി 18 ലക്ഷം രൂപയും നല്‍കിയതായി ട്രസ്റ്റ് പറയുന്നു.
ഹാരിസണ്‍ നല്കിയ തുക രാഷ്ട്രീയ കക്ഷികള്‍ക്ക് വിതരണം ചെയ്തതായി ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയെ രേഖാമൂലം അറിയിച്ച ഈ ജന്‍പ്രഗതി ഇലക്ട്രല്‍ ട്രസ്റ്റിന് പിന്നില്‍ ആരാണ്. ഇതറിയാന്‍ ലോക്സഭയില്‍ ഇലക്ടറല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ മറുപടി നോക്കിയാല്‍ മതി. ജന്‍പ്രഗതി ഇലക്ടറല്‍ ട്രസ്റ്റ് ആര്‍പിജി ഗ്രൂപ്പിനു കീഴിലുളള സ്ഥാപനമെന്ന് രേഖകളില്‍ നിന്ന് വ്യക്തം. അതായത് ഹാരിസണിന് നേതൃത്വം നല്കുന്ന ഗോയങ്കെ ഗ്രൂപ്പ് രൂപീകരിച്ച ട്രസ്റ്റ് വഴിയാണ് ഈ തുക അത്രയും നല്‍കിയതെന്ന് വ്യക്തം.
ട്രസ്റ്റുകള്‍ വഴിയുളള തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കില്ലെന്നുളള പാര്‍ട്ടിയുടെ ദേശീയ നയം നിലനില്‍ക്കെ കൂടിയാണ് സിപിഎം ഹാരിസണിന്റെ കാര്യത്തില്‍ ഇത്തരമൊരു നിലപാടെടുത്തത്. അതേസമയം ജന്‍പ്രഗതി ഇലക്ടറല്‍ ട്രസ്റ്റിന്റെ പക്കല്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയ കാര്യം ഓര്‍മയില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച ഒരു പ്രധാന സിപിഎം നേതാവിന്റെ പ്രതികരണം.