ഒമ്പത് മാസം പ്രായമായ കുഞ്ഞിനുള്ള ബേബി ഫുഡ്ഡിൽ ഫെന്റനൈൽ കലർത്തി അമ്മ. ഇത് കഴിച്ച കുഞ്ഞ് മരിച്ചു. ഫ്ലോറിഡയിലാണ് അതിദാരുണമായ സംഭവം നടന്നത്. അമ്മ അൽപനേരം ഉറങ്ങാൻ വേണ്ടിയാണത്രെ കുഞ്ഞിനുള്ള ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്തത്. റിപ്പോർട്ട് അനുസരിച്ച്, അധികൃതർ സ്ഥലത്തെത്തിയപ്പോൾ കുഞ്ഞ് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉടനെ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ ശരീരത്തിൽ അപകടകരമാം വിധം ഉയർന്ന അളവിൽ ഫെന്റനൈൽ കണ്ടെത്തിയത്. 10 മുതിർന്ന വ്യക്തികളുടെ മരണത്തിന് കാരണമായേക്കാവുന്ന അത്രയും ഉയർന്ന അളവിൽ കുട്ടിയുടെ ശരീരത്തിൽ മയക്കുമരുന്ന് കടന്നിരുന്നു എന്നും കണ്ടെത്തി.