കാൻബെറ∙ ഓസ്ട്രേലിയയിലെ ശ്രീനാരായണ ഗുരുദേവ ധർമ്മത്തിലധിഷ്ഠിതമായ പ്രസ്ഥാനങ്ങളുടെ സംയുക്ത സംരംഭമായ ഗുരുധർമ്മപ്രചാരണസഭ ഓസ്ട്രേലിയയുടെ പ്രഥമ പ്രാർഥനാ യോഗം ശനിയാഴ്ച ഓൺലൈനിൽ നടത്തി. പ്രസിഡന്റ് ശ്രീ. ജയകുമാർ വാസുദേവൻ അധ്യക്ഷത വഹിച്ച യോഗം ആദരണീയനായ ഗുരുധർമ്മപ്രചാരണസഭ ശിവഗിരിമഠം സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ ഉദ്ഘാടനം ചെയ്തു. ഈ യോഗം വലിയ ഒരു തുടക്കത്തിനും ശ്രീനാരായണ ധർമ്മ പരിപാലനം ഓസ്ട്രേലിയയിലെ വരും തലമുറയിലേക്ക് പകർന്നു നൽകുവാനും കാരണമാകട്ടെ എന്ന് ആശംസിച്ചു.
ദീപാർപ്പണത്തോടെ ശ്രീനാരായണ മിഷൻ മെൽബൺ, ശ്രീനാരായണ മിഷൻ അഡെലെയ്ഡ്, ശ്രീനാരായണ മിഷൻ ബ്രിസ്ബൈൻ, ശ്രീനാരായണ മിഷൻ സിഡ്നി, സേവനം ഓസ്ട്രേലിയ പെർത്ത്, സേവനം ആസ്ട്രേലിയ ടാസ്മാനിയ എന്നീ സംഘനകളോടൊപ്പം ലോകത്തിന്റെ നാനഭാഗത്തു നിന്നും ശ്രീനാരായണീയർ യോഗത്തിൽ പങ്ക് ചേർന്നു. യോഗത്തിൽ ആദരണീയനായ ഗുരുധർമ്മ പ്രചരണസഭ, ശിവഗിരി മഠം, മുൻ സെക്രട്ടറി ശ്രീമത് ഗുരുപ്രകാശം സ്വാമികൾ ധർമ്മപ്രഭാഷണം നടത്തി. ഹൃദയ ശുദ്ധിയുടെ ആവശ്യകതയെ പറ്റിയും മനസ്സിനെ എങ്ങനെ സംതൃപ്തമാക്കുന്നതിനെ കുറിച്ചും സ്വാമിജി പ്രഭാഷണത്തിൽ വിശദീകരിച്ചു. മംഗള സമർപ്പണവും ഗുരുപുഷ്പാഞ്ജലിയും സ്വാമികളുടെ നേതൃത്വത്തിൽ നടന്നു. എല്ലാ സംഘടനാ പ്രതിനിധികളും യോഗത്തിൽ ആശംസകൾ അർപ്പിച്ചു. യോഗത്തിന് ശ്രീനാരായണ മിഷൻ അഡെലെയ്ഡ് പ്രസിഡന്റ് കൃഷ്ണ പ്രസാദ് അവർകൾ കൃതജ്ഞത രേഖപ്പെടുത്തി.