മെൽബൺ: ഓസ്ട്രേലിയയിൽ അഭയം തേടിയെത്തിയ ശ്രീലങ്കൻ സ്വദേശിയായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഫെഡറൽ സർക്കാരിനെതിരേ വിമർശനം ശക്തമാകുന്നു. മെൽബണിലാണ് 23 വയസുകാരനായ മനോ യോഗലിംഗം പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചത്. ഓസ്ട്രേലിയൻ സർക്കാരിന്റെ അഭയാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ ഡ്വാൻഡെനോങ് മേഖലയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.
മനോയുടെ ശരീരത്തിൻ്റെ 80 ശതമാനവും പൊള്ളലേറ്റിരുന്നു. അടിയന്തര സേവനങ്ങൾ ഉടൻ തന്നെ യുവാവിനെ മെൽബണിലെ ആൽഫ്രഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്ത് നിന്നുള്ള ക്രിസ്ത്യൻ തമിഴനായ യുവാവ് 2013-ലാണ് ഓസ്ട്രേലിയയിലേക്ക് ബോട്ടിൽ എത്തിയത്. അന്ന് മനോയ്ക്ക് 12 വയസായിരുന്നു പ്രായം. ശ്രീലങ്കൻ സൈന്യം പീഡിപ്പിക്കുന്നതായി ആരോപിച്ചാണ് മാതാപിതാക്കൾക്കും നാല് സഹോദരങ്ങൾക്കുമൊപ്പം മനോ സാഹസികമായ മാർഗത്തിലൂടെ ഓസ്ട്രേലിയയിലെത്തിയത്.
ഒരു വർഷത്തിലേറെ തടങ്കലിൽ കഴിഞ്ഞശേഷം യുവാവിന് താൽക്കാലിക വിസ ലഭിച്ചു. മെൽബണിലെ സ്കൂളിൽ ചേർന്നു. ഓസ്ട്രേലിയൻ സമൂഹത്തിൽ തൻ്റെവായ ഇടവും ജീവിതവും കെട്ടിപ്പടുത്തു. പക്ഷേ, താൽക്കാലിക വിസയുടെ അനിശ്ചിതന്വം എപ്പൊഴും വേട്ടയാടിയിരുന്നു.
ഒരു ദശാബ്ദത്തിലേറെയായി, താൽക്കാലിക വിസയുടെ അനിശ്ചിതത്വത്തിലാണ് യുവാവ് ജീവിച്ചത്. ശ്രീലങ്കയിലേക്ക് തിരിച്ചുപോകേണ്ടി വരുമോയെന്ന ഭയവും അലട്ടിയിരുന്നു.
അഭയാർത്ഥി പദവിക്കായുള്ള യോഗലിംഗത്തിൻ്റെ അവകാശവാദം, 2014-ൽ മുൻ സർക്കാർ അവതരിപ്പിച്ച ഫാസ്റ്റ് ട്രാക്ക് സമ്പ്രദായത്തിന് കീഴിൽ നിരസിക്കപ്പെട്ടിരുന്നു. ഇതേതുടർന്ന് ബ്രിഡ്ജിങ് വിസയിൽ കഴിയുന്ന 7,350 അഭയാർത്ഥികളുടെ കാര്യത്തിൽ ഫെഡറൽ സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് മെൽബണിലെ ആഭ്യന്തര വകുപ്പിന്റെ ഓഫീസിന് പുറത്ത് 49 ദിവസമായി തുടരുന്ന പ്രതിഷേധത്തിൻ്റെ സംഘാടകനായിരുന്നു മനോ.
2012നും 2013-നും ഇടയിൽ ബോട്ടിൽ എത്തിയവരിൽ നിന്നുള്ള അഭയാർഥി അപേക്ഷകൾ പരിശോധിക്കാൻ മുൻ സഖ്യ സർക്കാർ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഫാസ്റ്റ് ട്രാക്ക് തിരുമാനങ്ങൾ പിന്നീട് കോടതികൾ റദ്ദാക്കി, അതിനാൽ യോഗലിംഗം അടക്കമുള്ളവരെ പരിമിതമായ അവകാശങ്ങളോടെ താൽക്കാലിക ബ്രിഡ്ജിങ് വിസകളിൽ ഉൾപ്പെടുത്തി.
അഭയാർഥികൾക്ക് യോഗലിംഗത്തിൻ്റെ മരണം ഹൃദയഭേദകമായ വാർത്തയായിരുന്നുവെന്ന് തമിഴ് അഭയാർത്ഥി കൗൺസിൽ സ്ഥാപകൻ അരണ് മൈൽവാഗനം പറഞ്ഞു. ‘ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ മരണമാണ്. കൂടുതൽ ജീവൻ നഷ്ടടപ്പെടാതിരിക്കാൻ ഫെഡറൽ സർക്കാർ എന്തെങ്കിലും നടപടിയെടുക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്’ – മൈൽവാഗനം എബിസി റേഡിയോ മെൽബണിനോട് പറഞ്ഞു.
യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് യോഗലിംഗത്തിൻ്റെ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന്റെ ഓഫീസിന് പുറത്ത് ഒത്തുകൂടി. ബ്രിഡ്ജിങ് വിസയിൽ വർഷങ്ങളായി ഓസ്ട്രേലിയയിൽ താമസിക്കുന്നവരുടെ അനിശ്ചിതത്വത്തിൽ ഫെഡറൽ സർക്കാർ ഇടപെടണമെന്ന് അവർ അഭ്യർത്ഥിച്ചു.
ശ്രീലങ്കയിലെ ഒരു ന്യൂനപക്ഷ വിഭാഗമാണ് തമിഴ് സമുദായം, അതിലെ അംഗങ്ങൾ കൂടുതലും ഹിന്ദുക്കളും
ക്രിസ്ത്യാനികളുമാണ്.