തിരുവനന്തപുരം:പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയുള്ള കോടതി വിധിക്ക് പിന്നാലെ വിങ്ങിപ്പൊട്ടി ഷാരോണിന്റെ മാതാപിതാക്കള്‍. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിന്റെ അമ്മ പ്രിയയും അച്ഛൻ ജയരാജും പ്രതികരിച്ചു. ഗ്രീഷ്മക്ക് വധ ശിക്ഷ തന്നെ നൽകണമെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും പൂര്‍ണമായും നീതി കിട്ടിയില്ല. അമ്മയെ വിട്ടയച്ചതിനെതിരെ നാളത്തെ ശിക്ഷാ വിധി വന്നശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേയെന്നും പിന്നെന്തിനാണ് അവരെ വെറുതെവിട്ടതെന്നും വിങ്ങിപ്പൊട്ടികൊണ്ട് ഷാരോണിന്റെ അമ്മ പ്രിയ ചോദിച്ചു. ആ സ്ത്രീയും ഒരമ്മ അല്ലേ? ഗ്രീഷ്മയ്ക്ക് കൂട്ടുനിന്ന അവരെയും ശിക്ഷിക്കണമായിരുന്നു.പൂർണമായും നീതി കിട്ടിയില്ലെന്നും ഷാരോണിന്റെ അമ്മ പ്രിയ പറഞ്ഞു.
ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി തീരുമാനിച്ചത് പ്രതീക്ഷിച്ച വിധിയാണ്. എന്നാൽ, അമ്മയെ വെറുതെ വിട്ടതിൽ തൃപ്കിയില്ല. ഗ്രീഷ്മയെയും അമ്മാവനെയും ശിക്ഷിക്കുമെന്നത് ബോധ്യമായി. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിടരുതായിരുന്നു. നാളത്തെ വിധി വന്നശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കും. അമ്മയെ വെറുതെ വിട്ടതിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. ഗ്രീഷ്മയുടെ അമ്മയെ കുറ്റക്കാരിയായി വിധിക്കാത്തതിൽ വിഷമം ഉണ്ട്. നാളത്തെ വിധിയിൽ പരമാവധി ശിക്ഷ തന്നെ കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഷാരോണിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി നാളെയായിരിക്കും പ്രതികള്‍ക്കുള്ള ശിക്ഷാ വിധി പറയുക. പ്രതികൾക്ക് അർഹമായ ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ മാതാപിതാക്കൾ. ഗ്രീഷ്മക്കും കൂട്ടുപ്രതികൾക്കും നാളെ അർഹമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഗ്രീഷ്മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു മോന്, അതുകൊണ്ടാണ് മജിസ്ട്രേറ്റിനോട് മരണക്കിടക്കിയിൽ കിടക്കുമ്പോഴും പേര് പോലും പറയാത്തതെന്നും അച്ഛൻ ജയരാജ് പറഞ്ഞു.
പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയാണ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.തെളിവുകളുടെ അഭാവത്തിലാണ് ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിട്ടത്.
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിലാണ് ഇന്ന് നെയ്യാറ്റിൻകര സെഷൻസ് കോടതി വിധി പറഞ്ഞത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരുന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.