മനുഷ്യ ഭാവനയിലെ അന്യഗ്രഹ ജീവികളെ വരയ്ക്കുമ്പോള്‍ പലപ്പോഴും പച്ച നിറമാണ് ചിത്രകാരന്മാര് ഉപയോഗിക്കാറ്. എന്നാല്‍, ചൊവ്വയിൽ മനുഷ്യന് താമസമാക്കിയാല്‍ മനുഷ്യന്റെ ചര്‍മ്മവും അത് പോലെ പച്ചനിറമായി മാറുമെന്ന് അവകാശവാദവുമായി ഒരു പഠനം. ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രജ്ഞനായ ഡോ.സ്കോട്ട് സോളമനാണ് ഇത്തരമൊരു വാദം മുന്നോട്ട് വച്ചത്. ചൊവ്വയിൽ മനുഷ്യ കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുട്ടികൾക്ക് കാര്യമായ പരിവർത്തനങ്ങളും പരിണാമപരമായ മാറ്റങ്ങളും നേരിടേണ്ടിവരുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഫ്യൂച്ചർ ഹ്യൂമൻസ് എന്ന തന്റെ പുസ്തകത്തിലാണ് ഡോ. സോളമൻ തന്റെ വാദങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.
ചൊവ്വയുടെ ഉപരിതല പരിസ്ഥിതിയിലെ കഠിനമായ അവസ്ഥകളാണ് മനുഷ്യന്റെ ചൊവ്വയിലെ ജീവിതത്തെ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന് ചൊവ്വയില്‍ വച്ച് ജനിക്കുന്ന ഏതൊരു കുട്ടിയും അവിടുത്തെ കാലാവസ്ഥമൂലം കടുത്ത പരിണാമങ്ങള്‍ക്ക് വിധേയമാകാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം തന്റെ പുതിയ പുസ്തകമായ ഫ്യൂച്ചർ ഹ്യൂമൻസിൽ ചൂണ്ടിക്കാണിക്കുന്നു.