മരുഭൂവൽക്കരണത്തിനും മണൽക്കാറ്റുകളെ തടയുന്നതിനുമായുള്ള ചൈനയുടെ പോരാട്ടം അതിൻറെ സുപ്രധാന വഴിത്തിരിവിലെത്തിയതായി റിപ്പോർട്ടുകൾ. ചൈനയുടെ വടക്കു പടിഞ്ഞാറൻ പ്രദേശമായ സിൻജിയാങ്ങിലെ തക്ലമഖാന്‍ മരുഭൂമിക്ക് ചുറ്റും 3,000 കിലോമീറ്റർ (2,000 മൈൽ) വിസ്തൃതിയിൽ മരങ്ങൾ നട്ടുപിടിപ്പിച്ചാണ് ചൈന ഇപ്പോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.
‘മരണക്കടലെ’ന്നറിയപ്പെടുന്ന ചൈനയിലെ ഏറ്റവും വലിയ മരുഭൂമിയായ തക്ലമഖാന്‍ മരങ്ങളാൽ വലയം ചെയ്യുക എന്ന ദേശീയ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഈ മരുഭൂമിയുടെ വ്യാപ്തി വര്‍ധിക്കുന്നത് നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
1978 -ൽ ചൈന ആരംഭിച്ച ‘ത്രീ-നോർത്ത് ഷെൽട്ടർബെൽറ്റ്’ പദ്ധതിയാണ് 46 വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ചരിത്രപരമായ നേട്ടത്തിൽ എത്തിനിൽക്കുന്നത്. ചൈനയുടെ വടക്ക്-കിഴക്കന്‍, വടക്ക്- പടിഞ്ഞാറന്‍ മേഖലകളെ മരുഭൂവത്കരണത്തില്‍ നിന്ന് രക്ഷിക്കാനായിട്ടാണ് ഈ പദ്ധതി തുടങ്ങിയത്. വടക്കുപടിഞ്ഞാറൻ ഭാഗത്ത് മരങ്ങൾ നട്ടുപിടിപ്പിക്കൽ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതോടെ ചൈനയുടെ മൊത്തം വനം വിസ്തൃതി ഉയർന്നിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം 1949-ൽ 10% ആയിരുന്ന ചൈനയുടെ മൊത്തം വനവിസ്തൃതി കഴിഞ്ഞ വർഷം അവസാനത്തോടെ 25% -ന് മുകളിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ 40 വർഷത്തിനിടെ സിൻജിയാങ്ങിൽ മാത്രം വനമേഖല 1%-ൽ നിന്ന് 5% ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
മരങ്ങളുടെ ഈ വലയത്തെ ‘ദ ഗ്രേറ്റ് ഗ്രീൻ വാൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. മരുഭൂമിയിൽ നിന്നും ശക്തമായി അടിക്കുന്ന മണൽകാറ്റിനെ മരങ്ങൾ കൊണ്ട് മതിൽകെട്ടി തടഞ്ഞുനിർത്താനാണ് ചൈന ലക്ഷ്യമിടുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വനവത്കരണ ഉദ്യമമായാണ് ഇതിനെ കണക്കാക്കുന്നത്. മരുഭൂവല്‍ക്കരണം നിയന്ത്രണവിധേയമാക്കാന്‍ സസ്യങ്ങളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് തുടരാനാണ് രാജ്യം പദ്ധതിയിടുന്നത്.