കല്യാണ്‍: കനത്ത മഴയില്‍ പാതിയില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്നിറങ്ങി മുന്നോട്ട് നീങ്ങിയ അമ്മയുടെ കയ്യില്‍ നിന്ന് താഴേയ്ക്ക് വീണ കുഞ്ഞിനെ പിടിക്കാനുള്ള മുത്തച്ഛന്റെ ശ്രമം ഫലം കണ്ടില്ല. മുത്തച്ഛന്റെ കയ്യില്‍ നിന്ന് വഴുതി അഴുക്ക് ചാലിലേക്ക് വീണ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. ട്രാക്കുകളില്‍ വെള്ളം നിറഞ്ഞതോടെയാണ് ട്രെയിന്‍ സര്‍വ്വീസ് പാതി വഴിക്ക് നിര്‍ത്തിയത്. കല്യാണിനും താക്കുരിലി സ്റ്റേഷനും ഇടയില്‍ ബുധനാഴ്ചയായിരുന്നു സംഭവം.ആംബര്‍നാഥ് ലോക്കല്‍ ട്രെയിന്‍ പാളത്തിന് സമീപത്ത് കൂടി അമ്മയും പിഞ്ചുകുഞ്ഞും മുത്തച്ഛനും കനത്ത മഴയില്‍ നടന്നത്. വെള്ളക്കെട്ട് കൂടുന്നതിനാല്‍ ട്രെയിന്‍ നിര്‍ത്തിയിട്ട സ്ഥലത്ത് നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടതോടെയായിരുന്നു ഇവര്‍ ട്രാക്കിന് പരിസരത്ത് കൂടി മുന്നോട്ട് നീങ്ങിയത്. അമ്മയായിരുന്നു കുഞ്ഞിനെ പിടിച്ചിരുന്നത്. ഇതിനിടയില്‍ ട്രാക്കില്‍ കാലുടക്കി കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. കുഞ്ഞിനെ പിടിക്കാനായി മുത്തച്ഛന് ശ്രമിച്ചെങ്കിലും കുഞ്ഞ് വഴുതി സമീപത്തെ അഴുക്ക് ചാലിലേക്ക് വീഴുകയായിരുന്നു. നിറഞ്ഞ് ഒഴുകയായിരുന്ന അഴുക്ക് ചാലില്‍ നിമിഷ നേരം കൊണ്ട് കുഞ്ഞിനെ കാണാതാവുകയായിരുന്നു.