രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന രജനികാന്ത് ചിത്രം. അതുതന്നെയാണ് ജയിലർ പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രേക്ഷകരെ ആകർഷിച്ച ഘടകം. പിന്നാലെ എത്തിയ ഓരോ അപ്ഡേറ്റുകളും ഓരോ സിനിമാസ്വാദകരെയും ജയിലറിലേക്ക് കൂടുതൽ ആകർഷിച്ചു. പക്കാ മാസ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രം എന്ന് ഏവരും വിധി എഴുതി. ഒടുവിൽ ഇന്ന് സിനിമ തിയറ്ററുകളിൽ എത്തിയപ്പോൾ ആവേശം അലതല്ലി. തലൈവരുടെ വിളയാട്ടം പ്രശംസനീയമായി. കാമിയോ റോളിൽ എത്തിയ മോഹൻലാലും കസറിയ ചിത്രത്തിന്റെ യുഎസ്എ ബോക്സ് ഓഫീസ് കളക്ഷനുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാലയുടെ റിപ്പോർട്ട് പ്രകാരം, വിജയ് ചിത്രം ‘വാരിസി’നെ ‘ജയിലർ’ പിന്നിലാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീമിയറുകൾക്കും ആദ്യദിനത്തിന്റെ ഏതാനും മണിക്കൂറുകൾക്കും ശേഷമുള്ള കളക്ഷൻ വിവരമാണ് ഇതെന്ന് രമേഷ് ബാല പറയുന്നു. വാരിസ് 1,141,590 ഡോളർ നേടിയപ്പോൾ, ജയിലർ 1,158,000 ഡോളറാണ് ആദ്യദിനം നേടിയിരിക്കുന്നത്. അതേസമയം, നോർത്ത് അമേരിക്കയിൽ തുനിവിനെയും ജയിലർ മറികടന്നുവെന്നാണ് വിവരം. 2023ലെ നമ്പർ വണ്‍ തമിഴ് സിനിമ ‘പൊന്നിയൻ സെൽവൻ ടു’ ആണ്. അഞ്ച് മില്യൺ ആണ് ചിത്രത്തിന്റെ കളക്ഷൻ.