തെക്കൻ ഓസ്ട്രേലിയയിലെ പോർട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിൽ അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ഒരു കടൽജീവി വന്നടിഞ്ഞത്. സുതാര്യമായ കുഴലുകളുടെ അറ്റത്ത് കക്ക പോലെയുള്ള ഭാഗവുമായുള്ള ഈ വിചിത്ര ജീവിയെ ഈ പ്രദേശത്ത് താമസിക്കുന്ന വിക്കി ഇവാൻ എന്ന സ്ത്രീയാണ് ആദ്യം കണ്ടത്. മിക്ക ദിവസങ്ങളിലും കടൽതീരത്ത് നടക്കാൻ പോകുന്ന വിക്കി 26 വർഷത്തിനിടയിൽ ആദ്യമായാണ് ഇങ്ങനെയൊരു ജീവിയെ കാണുന്നത്.
കടൽതീരത്ത് നീണ്ടു കിടക്കുന്ന ഇതിന്റെ ചിത്രവും വീഡിയോയും വിക്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇത് കണ്ടും കേട്ടുമറിഞ്ഞ് നിരവധിയാളുകൾ കടൽ തീരത്തെത്തി. ഇത് എഐയുടെ സൃഷ്ടിയാണോ എന്നുവരെ ആളുകൾ വിക്കിയോട് സംശയം പ്രകടിപ്പിച്ചു. അന്യഗ്രഹ ജീവി ഭൂമിയിലെത്തിയതാണ് എന്നായിരുന്നു ചിലർ കരുതിയത്.
എന്നാൽ യഥാർഥത്തിൽ കവച ജന്തുവർഗത്തിൽ ഉൾപ്പെട്ട ഗൂസ് ബർണക്കിളിന്റെ വലിയൊരു കോളനിയാണ് ഓസ്ട്രേലിയൻ തീരത്ത് വന്നടിഞ്ഞത്. വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന വസ്തുക്കളിൽ കൂട്ടമായി പറ്റിപ്പിടിച്ചാണ് ഇവ കഴിയുന്നത്. ഇതിന്റെ ഏതെങ്കിലും ഒരു ഭാഗം അടർന്ന് തീരത്ത് എത്തിയതാവാമെന്ന് സൗത്ത് ഓസ്ട്രേലിയ സർവകലാശാലയിലെ മറൈൻ ഇക്കളോജിസ്റ്റായ ഡോ.സോയി ഡബിൾഡേ പറയുന്നു. ഓസ്ട്രേലിയയിലെ സമുദ്രങ്ങളിൽ ഇവ ധാരാളമുണ്ടെങ്കിലും ഇത്രയും വലിയൊരു കോളനിയെ ഒരുമിച്ച് കാണുന്നത് അപൂർവമാണെന്നും സോയി വ്യക്തമാക്കുന്നു.
ലെപ്പസ് അനാറ്റിഫെറ എന്നാണ് ഗൂസ് ബർണക്കിൾസിന്റെ ശാസ്ത്രീയ നാമം. ശരീരഭാഗം കക്കയെ പോലെ തോന്നിപ്പിക്കുമെങ്കിലും ഞണ്ടുകളും ചെമ്മീനുകളുമായാണ് ഇതിന് കൂടുതൽ ബന്ധമുള്ളത്. ഓരോ തോടിനുള്ളിലും ചെറിയ, കൂടിച്ചേർന്ന തരത്തിലുള്ള കാലുകൾ ഇവ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. വെള്ളത്തിൽ നിന്ന് പോഷകങ്ങളും മറ്റും വേർതിരിച്ചെടുക്കാനാണ് ഈ കാലുകൾ ഉപയോഗിക്കുന്നത്.
ലോകത്തെ ഏറ്റവും ചെലവേറിയ സമുദ്ര വിഭവങ്ങളിൽ ഒന്നായ ഗൂസ് ബർണക്കിളിന് റസ്റ്ററന്റുകൾ വലിയ വിലയാണ് ഈടാക്കുന്നത്. ഒരു പൗണ്ട് ഗൂസ് ബർണക്കിളിന് ഏകദേശം 100 ഡോളർ നൽകണം.