ഭൂമിയിലെ ജീവജാലങ്ങളില്‍ പലതും അതിജീവിക്കാനാകാതെ നാശത്തിന്‍റെ വക്കിലാണ്. ഇവയില്‍ ചിലതിനെയൊക്കെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി നിരവധി സംഘടനകള്‍ ശ്രമിക്കുന്നുമുണ്ട്. ഇന്ത്യയില്‍ സമീപ കാലത്ത് ഇത്തരമൊരു നീക്കമുണ്ടായത് ചീറ്റകളുടെ കാര്യത്തിലായിരുന്നു. ഒരു കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്ന ചീറ്റകള്‍ പിന്നീട് നിരന്തരമായ വേട്ടയാടലിനെ തുടര്‍ന്ന് വംശനാശം സംഭവിച്ചു. എന്നാല്‍, അടുത്തകാലത്തായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ചീറ്റകളെ കൊണ്ട് വന്ന് വീണ്ടും അവയുടെ പുനഃരധിവാസത്തിനായി ശ്രമം നടത്തുകയാണ്. ഇതിനിടെയാണ് മറ്റൊരു ജീവി വര്‍ഗ്ഗത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. ഇത്തരം ശ്രമങ്ങള്‍ക്ക് കാരണം ഓരോ ജീവി വര്‍ഗ്ഗത്തിനും അതിന്‍റെതായ ചില കര്‍ത്തവ്യങ്ങള്‍ ഭൂമിയിലുണ്ട്. ജീവചക്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അവ, ഭൂമിയുടെ ആരോഗ്യകരമായ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് അവശ്യവുമാണ്.
പറഞ്ഞുവരുന്നത് ഗോലിയാത്ത് തവളകളെ കുറിച്ചാണ്. കാമറൂണിലും ഇക്വറ്റോറിയൽ ഗിനിയയിലുമാണ് പ്രധാനമായും ഗോലിയാത്ത് തവളകളെ കണ്ട് വരുന്നത്. പേര് പോലെ തന്നെ ഭീമന്‍ തവളകളാണ് ഇവ. ഏതാണ്ട് ഒരു പൂച്ചയുടെ വലിപ്പമുണ്ടാകും ഇവയ്ക്ക്. തൂക്കം ഏതാണ്ട് മൂന്ന് മൂന്നര കിലോയോളം വരും. കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന പ്രാണികളെ വേട്ടയാടുന്നതില്‍ പ്രധാനപ്പട്ട പങ്കുവഹിക്കുന്നവയാണ് ഗോലിയാത്ത് തവളകള്‍. എന്നാല്‍, ഭക്ഷണത്തിനായി മനുഷ്യന്‍ ഗോലിയത്ത് തവളകളെ വേട്ടയാടാന്‍ തുടങ്ങിയതും ഇവയുടെ ആവാസ സ്ഥലങ്ങളായ വെള്ളക്കെട്ടുകളും നീര്‍ച്ചാലുകളും നികത്തപ്പെട്ട് തുടങ്ങിയതും ഗോലിയാത്ത് തവളകളുടെ വംശനാശത്തിന് കാരണമായി. ഇതോടെ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളുടെ പട്ടികയില്‍ ഗോലിയാത്ത് തവളകളും ഇടം നേടി.
കാര്‍ഷിക മിത്രമായ ഗോലിയാത്ത് തവളകളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ചാണ് ഇപ്പോള്‍ കാമറൂണിലെ പാരിസ്ഥിതി സ്നേഹികള്‍ കര്‍ഷകരോട് പറയുന്നത്. വിളകളെ നശിപ്പിക്കുന്ന പ്രാണികളെ കൊന്നൊടുക്കുന്ന ഗോലിയാത്ത് തവളകളുടെ പ്രാധാന്യം പല ഗ്രാമവാസികള്‍ക്കും അറിയില്ല. പ്രദേശവാസികളെ ബോധവത്ക്കരിച്ച് അവയുടെ വംശനാശം തടയുകയാണ് ലക്ഷ്യം. ഇത്തരം തവളകളെ ലഭിച്ചാല്‍ ആ ഗ്രാമം അനുഗ്രഹിക്കപ്പെടുമെന്ന സാംസ്കാരിക മൂല്യമാണ് സാധാരണക്കാരായ ജനങ്ങളിലേക്ക് കൈമാറുന്നത്. ഇതുവഴി അവയ്ക്ക് സാംസ്കാരിക മൂല്യം നല്‍കാനും അവയെ സംരക്ഷിക്കാനും കഴിയുമെന്ന് ഇവയുടെ സംരക്ഷണ സംഘത്തിലുള്ള സെഡ്രിക് ഫോഗ്വാൻ പറയുന്നു.
പഴയ തവളവേട്ടക്കാര്‍ പലരും ഇപ്പോള്‍ ഇതിനെ കിട്ടിയാല്‍ സംഘത്തെ അറിയിക്കുകയും അവയെ കാട്ടിലേക്ക് വിടാന്‍ തയ്യാറാവുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൗണ്ട് ൻലോനാക്കോ റിസർവിലെ നദികളിലേക്ക് ഗോലിയാത്ത് തവളകള്‍ മടങ്ങിയെത്തിയതോടെ തങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. ഭൂമിയിലെ ഭക്ഷ്യസൃംഖലയില്‍ ഏതൊരു ജീവിക്കും അതിന്‍റെതായ ഭാഗം പൂര്‍ത്തിയാക്കാനുണ്ടെന്നും അവ മുറിഞ്ഞ് പോയാല്‍ ഭൂമിയുടെ ഭക്ഷ്യസന്തുലിതാവസ്ഥ തന്നെ തകിടം മറിയുമെന്നും ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് നല്ലപോലെ അറിയാം. ഫൗണ ആൻറ് ഫ്ലോറ ഇന്‍റർനാഷണൽ, ബേർഡ് ലൈഫ് ഇന്‍റർനാഷണൽ, വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി എന്നിവരാണ് ഗോലിയാത്ത് തവളകളെ സംരക്ഷിക്കുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.