ബ്രിസ്ബൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ശനിയാഴ്ച അതിഗംഭീരമായ കലാപരിപാടികളോടെ മലയാളി സമൂഹം ഓണം ആഘോഷിച്ചു.
ആവേശമുയർത്തിയ ചെണ്ടമേളവും പുലികളിയും താലപ്പൊലിയും ആർപ്പുവിളികളുമെല്ലാമായി രാവിലെ പത്തിന് ആരംഭിച്ച ആഘോഷം മുഖ്യാതിഥിയായ പ്രമുഖ ഹാസ്യകലാകാരൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി.പി സാജുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഓണാഘോഷവേദിയിൽ സെക്രട്ടറി സെബാസ്റ്റ്യന് തോമസ് സ്വാഗതം പറയുകയും വിശിഷ്ടാഥിതികളായ ഫാ. അശോക്, ഡോ. ടാനിയ തുടങ്ങിയവർ ഓണാശംസകൾ നേരുകയും ചെയ്തു.
സാജൻ പള്ളുരുത്തിയുടെ ഹാസ്യ പരിപാടികൾക്കും തുടർന്ന് നടന്ന നൂറിലേറെ കലാകാരന്മാരും കലാകാരികളും അണിനിരന്ന ആഘോഷകലാപരിപാടികൾക്കും ജീവാസ് വേനാട്, ആശാ മാർഷൽ തുടങ്ങിയവർ അവതാരകരായി. രുചിക്കൂട്ടുകൾ വാരി വിതറി മൂസാപ്പിളി കാറ്ററിംഗ് ടീം ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന് ഓണസദ്യയൊരുക്കി.ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് അശ്വതി സരുൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിയോട്സ് വക്കച്ചൻ, ട്രീസൺ ജോസഫ്, സിറിൾ സിറിയക്ക്, സോജ൯ പോൾ, സിബി മാത്യു, മാർഷൽ ജോസഫ്, സാം ജോർജ് എന്നിവർ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകുകയും എക്സിക്യൂട്ടീവ് മെമ്പർ സിബി മാത്യുവിന്റെ നന്ദിപ്രകടനത്തോടെ ആഘോഷപരിപാടികൾ സമാപിക്കുകയും ചെയ്തു.