ആടുജീവിതം കേരളത്തില്‍ മാത്രമല്ല വിദേശത്തും കളക്ഷനില്‍ വൻ കുതിപ്പ് രേഖപ്പെടുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയൻ ബോക്സ് ഓഫീസിലും ആദ്യയാഴ്ചത്തെ കളക്ഷനില്‍ റെക്കോര്ട്ടിരിക്കുകയാണ് ആടുജീവിതം. കേരളത്തിനു പുറമേ ഓസ്ട്രേലിയയിലും ആദ്യ ആഴ്ചയില്‍ കണക്കുകളില്‍ ഒന്നാമത് പൃഥ്വിരാജ് നായകനായ ചിത്രം ആടുജീവിതമാണെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആടുജീവിതം ഓസ്ട്രേലിയയില്‍ നേടിയിരിക്കുന്നത് 1.79 കോടി രൂപയാണ് എന്ന് ട്രേഡ് അനലിസ്റ്റുകളുടെ കളക്ഷൻ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവില്‍ മലയാളത്തിന്റെ എക്കാലത്തെയും വിജയ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിനെയാണ് ആടുജീവിതം ഓസ്ട്രേലിയയിലെ കളക്ഷനില്‍ മറികടന്നിരിക്കുന്നത് എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ആദ്യയാഴ്ച മഞ്ഞുമ്മല്‍ ബോയ്സ് 1.38 കോടിയാണ് ഓസ്ട്രേലിയയില്‍ നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഓസ്ട്രേലിയയില്‍ നിന്ന് മരക്കാര്‍ 0.92 കോടി നേടി മൂന്നാമതുമുണ്ട്. ഇതിനകം പൃഥ്വിരാജിന്റെ ആടുജീവിതം 60 കോടി ക്ലബില്‍ എത്തിയിട്ടുമുണ്ട്.
ആടുജീവിതം ആഗോളതലത്തില്‍ പെട്ടെന്ന് 100 കോടി ക്ലബിലെത്തുമെന്നുമാണ് നിലവിലെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആരാധകരും പ്രതീക്ഷിക്കുന്നതും. വമ്പൻ ക്യാൻവാസിലെത്തിയിട്ടും ആടുജീവിതത്തിന് 82 കോടി രൂപയോളമാണ് ബജറ്റ് എന്നതും കൌതുകകരമായ ഒന്നാണ്. സംവിധായകൻ ബ്ലസ്സിയാണ് ബജറ്റ് വെളിപ്പെടുത്തിയത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിച്ചിട്ടും പൃഥ്വിരാജ് ചിത്രം അത്ഭുതപ്പെടുത്തുന്ന ബജറ്റിലേക്ക് എത്താതിരുന്ന സാഹചര്യത്തില്‍ കളക്ഷനില്‍ നിന്ന് വമ്പൻ ലാഭമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നജീബായി പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയില്‍ വേഷമിട്ടു. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു പൃഥ്വിരാജിന്റെതെന്നാണ് റിപ്പോര്‍ട്ട്.