രാജ്കോട്: ആഡംബര യാത്രയ്ക്ക് പണം കണ്ടെത്താനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയ 21കാരൻ പിടിയിൽ. 15കാരനായ ഉറ്റസുഹൃത്തിനെ കൊന്ന് മാല വിറ്റ 1 ലക്ഷം രൂപയും കൊണ്ട് ട്രിപ്പിന് പോയ യുവാവിനെ ജയ്സാൽമീറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കേതൻ വഗേല എന്ന 15കാരനാണ് കൊല്ലപ്പെട്ടത്. മാർച്ച് 19നാണ് 15കാരന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കക്കൂസ് കുഴിയിൽ നിന്ന് കണ്ടെത്തിയത്. മാർച്ച് 16ന് കൊല ചെയ്ത ശേഷം 21കാരനായ ഹർഷ് നദേരയാണ് മൃതദേഹം കക്കൂസ് കുഴിയിൽ തള്ളിയത്.
ഗുജറാത്തിലെ കംബാലിയ മുൻസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയാണ് ഹർഷ്. ഭാവി വധുവിനും ബന്ധുവിനൊപ്പം ജയ്സാൽമീറിലെ അവധി ആഘോഷത്തിനിടയിൽ വെള്ളിയാഴ്ചയാണ് യുവാവ് അറസ്റ്റിലായത്. സാമ്പത്തിക പരാധീനത മൂലം കുടുംബത്തിന് ഒരു അവധിക്കാലം പോലും നൽകാൻ സാധിച്ചിരുന്നില്ല. വീട്ടുകാർ ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടാനും തുടങ്ങിയതോടെ സമ്മർദ്ദത്തിലായിരുന്നു. ഇതിനിടയിലാണ് സുഹൃത്തിന്റെ കഴുത്തിലെ മാല ശ്രദ്ധിച്ചത്. ഇതോടെ 15കാരനെ വീട്ടിലേക്ക് കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് 21കാരൻ പൊലീസിനോട് വിശദമാക്കിയത്.
മാർച്ച് 16ന് സുഹൃത്തിനെ കാണാൻ പോയ മകൻ രാത്രി ഏറെ വൈകിയിട്ടും മടങ്ങി വന്നില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഇപ്പോൾ വരുമെന്നായിരുന്നു മറുപടി. പിന്നാലെ ഫോൺ സ്വിച്ച് ഓഫുമായി. പുലർച്ചെ 3 മണിക്ക് മകനെ അന്വേഷിച്ച് മാതാപിതാക്കൾ 21കാരന്റെ വീട്ടിലെത്തിയപ്പോൾ 12.30ഓടെ ഭക്ഷണം വാങ്ങാനായി പുറത്ത് പോയി വന്നില്ലെന്നായിരുന്നു 21കാരൻ വിശദമാക്കിയത്. തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ 21കാരന്റെ വീടിന് സമീപത്ത് മകന്റെ ചെരിപ്പും വീടിന് കുറച്ച് മാറി മകന്റെ സൈക്കിളും കണ്ടതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നിയത്. ആദ്യ ഘട്ടത്തിൽ തെരച്ചിൽ സംഘത്തിനൊപ്പം പോയ യുവാവ് വൈകാതെ ദീർഘയാത്രയുണ്ടെന്ന് വ്യക്തമാക്കി മുങ്ങുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലപാതകം പൊലീസിന് വ്യക്തമായത്. ഇതിന് പിന്നാലെ 21കാരന്റെ വീടിന് സമീപത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇതിനോടകം 21കാരൻ ഭാവി വധുവിനും ബന്ധുവിനും ഒപ്പം ജയ്സാൽമീറിലേക്ക് പോയിരുന്നു. പിന്നാലെയെത്തിയ പൊലീസ് ജയ്സാൽമീറിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.