ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വ്യോമയാന ബിസിനസ്സിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഇന്ത്യയുടെ അൾട്രാ ലോ-കോസ്റ്റ് കാരിയറായ ഗോഫസ്റ്റ് എയർലൈൻ.
എഞ്ചിനുകളുടെ കുറവ് കാരണം കമ്പനി ഈ അടുത്ത കാലത്തായി നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഏവിയേഷൻ ബിസിനസിൽ നിന്ന് ഓഹരികൾ ഉപേക്ഷിക്കാനോ പുറത്തുകടക്കാനോ ഞങ്ങൾക്ക് പദ്ധതിയില്ല. ഞങ്ങളുടെ പ്രൊമോട്ടർമാർ ബിസിനസിനോട് പ്രതിജ്ഞാബദ്ധരാണ്, കൂടാതെ ഇക്വിറ്റി രൂപത്തിൽ കൂടുതൽ ഫണ്ടുകൾ നിക്ഷേപിക്കുന്നുവെന്നും എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.ഏപ്രിൽ അവസാനത്തോടെ പ്രൊമോട്ടർ ഇക്വിറ്റിയായും ബാങ്ക് ലോണായും 600 കോടി രൂപ ലഭിക്കുമെന്ന് ഗോ ഫസ്റ്റ് ഉദ്യോഗസ്ഥ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വ്യോമയാന വ്യവസായം കോവിഡിന് മുമ്പുള്ള രീതിയിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. അത് കൂടുതൽ വളരുകയാണ്. എന്നാൽ എയർലൈൻ കമ്പനികൾ ധനസമാഹരണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് അവരുടെ ദൈനംദിന ബിസിനസ്സിന്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്നു.
നിലവിൽ, എയർലൈനിന്റെ 57 വിമാനങ്ങളിൽ 28 വിമാനങ്ങളുമായി ഗോ ഫസ്റ്റ് പ്രതിദിന പ്രവർത്തനങ്ങൾ നടത്തുന്നു, ശേഷിക്കുന്ന വിമാനങ്ങൾ അമേരിക്കൻ നിർമാതാക്കളായ പ്രാറ്റ് & വിറ്റ്നി വിതരണം ചെയ്യുന്ന എഞ്ചിനുകളിലെ തകരാർ കാരണം സർവീസ് നടത്തുന്നില്ല.