മൂന്നാർ: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയില്‍ അയച്ചും ഓണ്‍ലൈനില്‍ ക്ലാസ് നടത്തിയും തട്ടിപ്പ് നടത്തിയതായി പരാതി. ഫീസുമടച്ച് ആറുമാസം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത മൂന്നാര്‍ സ്വദേശി തട്ടിപ്പ് തിരിച്ചറിഞ്ഞത് അടുത്തിടെ. പ്ലസ്ടുവിന് ഉന്നത വിജയം നേടി നീറ്റ് പരീക്ഷയിലും മികച്ച പ്രകടനം കാഴ്ച വച്ചതിന് പിന്നാലെയാണ് സംവരണ വിഭാഗത്തിലെ മൂന്നാര്‍ സ്വദേശിയായ പെണ്‍കുട്ടി വിവിധ മെഡിക്കല്‍ കോളേജുകളില്‍ അപേക്ഷ നല്‍കിയത്.
പ്രവേശന നടപടികള്‍ പൂര്‍ത്തിയായ സീറ്റ് ലഭിച്ചതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ഇമെയില്‍ ലഭിച്ചിരുന്നു. ഫീസായി 25000 രൂപ ഫീസായി അടയ്ക്കണമെന്ന് നിര്‍ദ്ദേശവും ലഭിച്ചു. പിന്നാലെ ഗൂഗിള്‍ പേ വഴി ആദ്യഘഡുവായി 10000 രൂപ അടച്ചു. 2022 നവംബറില്‍ ഓണ്‍ലൈന്‍ ക്ലാസുകളും ആരംഭിച്ചു. 2 സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ക്ലാസുകള്‍ എടുത്തിരുന്നത്. കോളേജില്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ച് മൂന്ന് തവണ മെയില്‍ ലഭിച്ചിരുന്നു. എങ്കിലും ഇപ്പോള്‍ കോളേജിലേക്ക് എത്തേണ്ടന്ന് സന്ദേശം ഇതേ മെയില്‍ ഐഡിയില്‍ നിന്ന് ലഭിച്ചതോടെ യാത്ര മാറ്റി വയ്ക്കുകയായിരുന്നു.
ജൂണ്‍ 24 ന് വീണ്ടും കോളേജില്‍ ഹാജരാകാനായി ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതിനേ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനൊരുങ്ങിയപ്പോഴാണ് വീണ്ടും ഇവിടേക്ക് വരേണ്ടന്ന് സന്ദേശം ലഭിക്കുന്നത്. ഇതോടെ സംശയം തോന്നിയ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിലെത്തി പ്രിന്‍സിപ്പലിനെ കണ്ടപ്പോഴാണ് തട്ടിപ്പ് മനസിലാവുന്നത്. ഓണ്‍ലൈനായി മെഡിക്കല്‍ കോളേജിലെ അതേ ക്ലാസുകള്‍ തന്നെയാണ് പെണ്‍കുട്ടിക്ക് തട്ടിപ്പിന് പിന്നിലുള്ളവര്‍ നല്‍കിയിരുന്നതെന്നാണ് പ്രിന്‍സിപ്പല്‍ വിശദമാക്കിയതായി പെണ്‍കുട്ടി പൊലീസിന് നല്കിയ പരാതിയില്‍ വിശദമാക്കുന്നത്. സീറ്റ് ലഭിച്ചതായി സന്ദേശം ലഭിച്ച ഇ മെയില്‍ വിലാസവും ഫീസ് കൈമാറിയതിന്റെ വിവരങ്ങളും അടക്കം പെണ്‍കുട്ടി മൂന്നാര്‍ പൊലീസില്‍ പരാതി നല്കി.