ബെര്‍ലിന്‍: ജര്‍മ്മനിയില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് ഉൾപ്പെടെ ആശ്വാസ വാര്‍ത്ത. 2040 വരെ വര്‍ഷം തോറും ജര്‍മ്മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. ‘ബെർട്ടിൽസ്മാൻ സ്റ്റിഫ്റ്റങ്ങ്’ ഫൗണ്ടേഷൻ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
തൊഴില്‍ മേഖലയുടെ സ്ഥിരത നിലനിര്‍ത്താന്‍ വേണ്ടിയാണ് 288,000 കുടിയേറ്റ തൊഴിലാളികളെ പ്രതിവര്‍ഷം ആവശ്യമായി വരുന്നത്. ഇപ്പോള്‍ 46.4 മില്യന്‍ ഉള്ള ജര്‍മ്മനിയിലെ തൊഴില്‍ ശക്തി 2040ഓടെ 41.9 മില്യന്‍ ആകുകയും 2060ഓടെ ഇത് 35.1 മില്യനായി കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാര്‍ഹിക തൊഴില്‍ മേഖലയിലെ പ്രാതിനിധ്യത്തില്‍, പ്രത്യേകിച്ച് സ്ത്രീകളുടെയും പ്രായം ചെന്ന തൊഴിലാളികളുടെയും എണ്ണം ഗണ്യമായി കുറയുകയാണെങ്കില്‍ പ്രതിവര്‍ഷം 368,000 കുടിയേറ്റ തൊഴിലാളികളെ വരെ ആവശ്യമായി വന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ജര്‍മ്മനിയില്‍ വലിയൊരു വിഭാഗം പ്രായം ചെന്ന തൊഴിലാളികള്‍ വരും വര്‍ഷങ്ങളില്‍ വിരമിക്കാനിരിക്കുകയാണ്. ഇതോടെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ വലിയ ശതമാനം തൊഴിലാളികളെ ആവശ്യമായി വരും. തൊഴിലാളികള്‍ കുറയുന്നത് സാമ്പത്തിക വളര്‍ച്ച സാവധാനത്തിലാക്കുന്നതിലേക്ക് നയിക്കും. ഇത് മുന്നിൽ കണ്ടാണ് ജര്‍മ്മനി കൂടുതല്‍ വിദേശ തൊഴിലാളികള്‍ക്ക് അവസരം നല്‍കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.