ബെർലിൻ: കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട അഫ്ഗാൻ പൗരന്മാരെ നാടുകടത്താൻ തുടങ്ങിയതായി ജർമനി അറിയിച്ചു. ഇന്നലെ 28 പുരുഷന്മാരെ ലൈപ്സിഗ് നഗരത്തില്‍നിന്നു ചാർട്ടർ ചെയ്ത വിമാനത്തില്‍ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് അയച്ചു.
കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ ജർമനിയിലെ സോളിങ്ങൻ നഗരത്തില്‍ സിറിയൻ അഭയാർഥി നടത്തിയ കത്തിയാക്രമണത്തില്‍ മൂന്നു പേർ കൊല്ലപ്പെടുകയും എട്ടു പേർക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.
നാളെ സാക്സണി, തുറിഞ്ചിയ മേഖലകളില്‍ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ കുടിയേറ്റവിരുദ്ധ വലതുപക്ഷ പാർട്ടികള്‍ മേല്‍ക്കൈ നേടുമെന്ന പ്രവചനങ്ങളും അതിവേഗ നടപടികള്‍ക്കു ജർമൻ സർക്കാരിനെ പ്രേരിപ്പിച്ചതായി സൂചനയുണ്ട്.
സോളിങ്ങൻ നഗരത്തിലെ ആക്രമണത്തില്‍ കീഴടങ്ങിയ ഇരുപത്തഞ്ചുകാരനായ സിറിയൻ അഭയാർഥി കഴിഞ്ഞവർഷം തിരിച്ചയയ്ക്കപ്പെടാനിരിക്കേ മുങ്ങിയ ആളാണ്. പലസ്തീൻ മുസ്ലിംകള്ക്കുവേണ്ടി ക്രൈസ്തവരോടു പ്രതികാരം തീർക്കുകയായിരുന്നുവെന്നാണ്, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന പറഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റിന് ആക്രമണത്തില്‍ പങ്കുള്ള കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അതേസമയം, ജർമൻ ജനത സംഭവത്തില്‍ രോഷാകുലരാണ്. ജർമനിയില്‍ താമസിക്കാൻ യോഗ്യതയില്ലാത്തവരെ നാടുകടത്തുമെന്ന് സോളിങ്ങൻ നഗരം സന്ദർശിച്ച ചാൻസലർ ഒലാഫ് ഷോള്‍സ് പ്രഖ്യാപിച്ചിരുന്നു.
താലിബാൻ ഭീകരർ 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചശേഷം ആദ്യമായാണ് ജർമനി അഫ്ഗാനികളെ തിരിച്ചയയ്ക്കുന്നത്.