ബെര്‍ലിന്‍: യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജപ്രതിസന്ധി നേരിടുന്നതിനിടെയും ആണവനിലയങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജര്‍മനി.രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന മൂന്നു റിയാക്ടറുകള്‍ കൂടി ശനിയാഴ്ച അര്‍ധരാത്രി നിലച്ചതോടെ ജര്‍മനി ആണവോര്ജമുക്തമായി. മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ആണവനിലയങ്ങളില്‍ നിക്ഷേപം വര്ധിപ്പിക്കുന്നതിനിടെയാണു ജര്‍മനിയിലെ നേര്‍വിപരീത പ്രവര്‍ത്തനങ്ങള്‍.
ജര്‍മനിയിലെ ആണവനിലയങ്ങള്‍ ഉപേക്ഷിക്കാനുള്ള നീക്കം 2002 ല്‍ ആരംഭിച്ചതാണ്. 2011ല്‍ ജപ്പാനിലെ ഫുക്കുഷിമ നിലയത്തിലുണ്ടായ ദുരന്തത്തോടെ ഇതു സംബന്ധിച്ച നടപടികള്‍ക്ക് ആക്കം കൂടി. അവസാന നിലയങ്ങള്‍ കഴിഞ്ഞ വര്‍ഷം പൂട്ടേണ്ടിയിരുന്നതാണെങ്കിലും യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം നീട്ടുകയായിരുന്നു. ഗ്രീന്‍പീസ് അടക്കമുള്ള ആണവവിരുദ്ധ സംഘടനകള്‍ കഴിഞ്ഞദിവസം വലിയ ആഘോഷം നടത്തി.