ബെര്‍ലിൻ: യുക്രെയ്നില്‍നിന്നു ലക്ഷക്കണക്കിന് അഭയാര്‍ഥികളെത്തിയതോടെ കഴിഞ്ഞ വര്‍ഷം ജര്‍മൻ ജനസംഖ്യയില്‍ 1.3 ശതമാനം വര്‍ധന.
8.44 കോടി ജനങ്ങളാണു ജര്‍മനിയിലുള്ളത്.
2022ല്‍ രാജ്യത്തെ ജനസംഖ്യയില്‍ 11.2 ലക്ഷത്തിന്റെ വര്‍ധനയുണ്ടായതായി ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അറിയിച്ചു. തലേവര്‍ഷം ജനസംഖ്യയിലുണ്ടായ വര്‍ധന 82,000 മാത്രമായിരുന്നു. അതായത് 0.1 ശതമാനം മാത്രം വളര്‍ച്ച.
ജര്‍മനിയിലെ 16 സംസ്ഥാനങ്ങളിലും ജനസംഖ്യാ വര്‍ധനയുണ്ടായി. വൻ നഗരങ്ങളായ ബെര്‍ലിനിലും ഹാംബുര്‍ഗിലും ആണ് കൂടുതല്‍ വര്‍ധന- 2.1 ശതമാനം.
വിദേശികളായ 1.23 കോടി ആളുകളാണു ജര്‍മനിയില്‍ താമസിക്കുന്നത്. ഇതില്‍ 13.4 ലക്ഷം പേര് തുര്‍ക്കിക്കാരാണ്. യുക്രെയ്ൻകാര്‍ 10.05 ലക്ഷമുണ്ട്. 2021നെ അപേക്ഷിച്ച് യുക്രെയ്ൻകാരുടെ എണ്ണം 9,15,000 വര്‍ധിച്ചു. 8,83,000 സിറിയക്കാരാണ് ജര്‍മനിയിലുള്ളത്. ഇവരുടെ എണ്ണം ഒറ്റ വര്‍ഷംകൊണ്ട് 48,000 വര്‍ധിച്ചു. അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ ഇന്ത്യക്കാര്‍ കുറവാണ്.
ജര്‍മനിയില്‍ വസിക്കുന്ന ഇതര രാജ്യക്കാരുടെ എണ്ണം 14 ലക്ഷം വര്‍ധിച്ചപ്പോള്‍ ജര്‍മൻ പൗരന്മാരുടെ എണ്ണം 3,09,000 കുറഞ്ഞു. ജനനനിരക്കിനേക്കാള്‍ മരണനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതാണു പ്രധാന കാരണം.