വിനോദാവശ്യത്തിന് ചെറിയ അളവില്‍ കഞ്ചാവ് വളര്‍ത്തുന്നതിനും കൈവശം വയ്ക്കുന്നതും നിയമവിധേയമാക്കുന്നതിനുള്ള കരട് നിയമത്തിന് ജര്‍മന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്കി.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെയും ജഡ്ജിമാരുടെ വിമര്‍ശനത്തെയും മറികടന്നാണ് സര്‍ക്കാര്‍ കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. മുതിര്‍ന്നവര്‍ക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനോ പരമാവധി മൂന്ന് ചെടികള്‍ വളര്‍ത്താനോ കള വാങ്ങാനോ അനുവദിക്കുന്നതാണ് പുതിയ ബില്‍.
‘കഞ്ചാവ് ക്ലബ്ബുകള്‍’ എന്നറിയപ്പെടുന്ന ഗ്രൂപ്പുകളില്‍ ലാഭേച്ഛയില്ലാതെ കഞ്ചാവ് വളര്‍ത്താനും അവരുടെ അംഗങ്ങള്‍ക്ക് വില്‍ക്കാനും അനുമതി നല്‍കുന്നുണ്ട്. ഈ ഗ്രൂപ്പുകളില്‍ 500 അംഗങ്ങള്‍ വരെയുണ്ടാകാം. എന്നാല്‍ ഈ അംഗങ്ങള്‍ക്ക് പ്രതിദിനം 25 ഗ്രാമില്‍ കൂടുതലും പ്രതിമാസം പരമാവധി 50 ഗ്രാമില്‍ കൂടുതലും വിതരണം ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കര്‍ശനമായ നിരോധനം തുടരുമെന്നും ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് പറഞ്ഞു.
കഞ്ചാവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക, കരിഞ്ചന്ത തടയുക, ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുക എന്നതൊക്കെയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമെന്ന് ലൗട്ടര്‍ബാഹ് പറഞ്ഞു. ‘ഇതുവരെയുള്ള കഞ്ചാവ് നിയമവിധേയമാക്കാനുള്ള ഏറ്റവും മികച്ച ശ്രമം’ എന്നാണ് ലൗട്ടര്‍ബാഹ് കരട് നിയമത്തെ വിശേഷിപ്പിച്ചത്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ത്രികക്ഷി സഖ്യത്തിന്റെ പ്രധാന പദ്ധതിയാണ് പുതിയ കരട് നിയമം.
എന്നാല്‍ ബില്ലില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് രൂക്ഷമാണ്. ഇത് കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും പുതിയ നിയമനിര്‍മ്മാണം അധികാരികള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.