സിഡ്നി: ഓസ്ട്രേലിയയിൽ ടെലിവിഷൻ പരിപാടിക്കിടെ ക്രിസ്തുവിനെ അധിക്ഷേപിച്ച് ഹാസ്യ താരം നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധം. ചാനൽ ടെന്നിൽ ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്ത ‘ദ പ്രൊജക്റ്റ്’ എന്ന സമകാലിക പരിപാടിക്കിടെയാണ് അതിഥിയായെത്തിയ ഹാസ്യതാരവും സ്വവർഗാനുരാഗിയുമായ റൂബൻ കെയ് ക്രൂശിതനായ യേശുവിനെ സംബന്ധിച്ച് ദ്വയാർത്ഥ പ്രയോഗമുള്ള പരാമർശം നടത്തിയത്. പരാമർശം കേട്ട് ഒപ്പമുള്ള സഹ താരങ്ങൾ ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പ്രേക്ഷകരിൽനിന്നും ക്രൈസ്തവ വിശ്വാസികളിൽനിന്നും വലിയ തോതിലുള്ള വിമർശനം നേരിട്ടതിനെത്തുടർന്ന് പരിപാടിയുടെ അവതാരകർ ക്ഷമാപണവുമായി രംഗത്തെത്തി.
ഹാസ്യനടൻ, ഷോ ഗേൾ എന്നിങ്ങനെ ഓസ്ട്രേലിയയിൽ അറിയപ്പെടുന്ന കലാകാരനാണ് റൂബൻ കേയ്. ജന്മം കൊണ്ട് പുരുഷനാണെങ്കിലും സ്റ്റേജ് ഷോകളിൽ സ്ത്രീകളുടെ വേഷത്തിലാണ് എത്തുന്നത്. സ്വവർഗാനുരാഗിയാണ് റൂബൻ എന്നാണ് ഇയാളെക്കുറിച്ചുള്ള വ്യക്തി വിവരണങ്ങൾ വെളിപ്പെടുത്തുന്നത്.പരിപാടിയിലെ പരാമർശത്തിനെതിരേ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നത്. കത്തോലിക്ക സഭയുടെ സിഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷറും രൂക്ഷമായ വിമർശനം ഉന്നയിച്ചു.ചാനൽ ടെൻ മേധാവി ബെവർലി മക്ഗാർവിയെ അഭിസംബോധന ചെയ്ത് അയച്ച കത്തിൽ, ചാനലിൽ സംപ്രേഷണം ചെയ്ത മാപ്പപേക്ഷ നിർബന്ധിതവും ആത്മാർത്ഥതയില്ലാത്തതുമാണെന്ന് ആർച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.
അതേസമയം റൂബൻ പ്രതിനിധീകരിക്കുന്ന എൽ.ജി.ബി.ടി.ക്യു സമൂഹത്തിന് പ്രാമുഖ്യമുള്ള ന്യൂടൗണിലെ കിംഗ് സ്ട്രീറ്റിൽ ഒരു സംഘം യുവാക്കൾ ജപമാലയുമായി പ്രാർത്ഥിച്ചുകൊണ്ട് മാർച്ച് നടത്തിയത് ശ്രദ്ധേമായി. പരിപാടിയിലെ പരാമർശത്തിനെതിരേയുള്ള സമാധാനപരമായ പ്രതിഷേധമായിരുന്നു മുപ്പതോളം പേരടങ്ങുന്ന യുവാക്കൾ നടത്തിയത്.നിരവധി ബാറുകളും പബ്ബുകളുമുള്ള കിംഗ് സ്ട്രീറ്റിലെ ഫുട്പാത്തിലൂടെ തലയ്ക്ക് മുകളിൽ ജപമാലകൾ ഉയർത്തിപ്പിടിച്ച് പ്രാർത്ഥിച്ചുകൊണ്ട് യുവാക്കൾ മാർച്ച് ചെയ്തത് ക്രിസ്തുവിനോടുള്ള വിശ്വാസത്തെ പ്രഘോഷിക്കുന്നതായിരുന്നു.പ്രതിഷേധത്തിന്റെ ചിത്രങ്ങൾ ‘ക്രിസ്ത്യൻ ലൈവ്സ് മാറ്റർ’ എന്ന ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജിലും പങ്കിട്ടു. സ്വവർഗാനുരാഗികളുടെ വലിയ ആഘോഷമായ വേൾഡ് പ്രൈഡിന്റെ സ്ഥിരം വേദിയായ കിംഗ് സ്ട്രീറ്റിലെ ജപമാലയേന്തിയുള്ള പ്രാർത്ഥനാനിർഭരമായ പ്രകടനം രാജ്യാന്തര ശ്രദ്ധ നേടിയിട്ടുണ്ട്.
അതേസമയം, പ്രകടനത്തിന് അനുമതിയില്ലെന്ന് ആരോപിച്ച് പോലീസ് രംഗത്തെത്തുകയും യുവാക്കളെ രാത്രിയോടെ പിരിച്ചുവിടുകയും ചെയ്തു.ക്രൈസ്തവ വിശ്വാസം എന്താണെന്നു മനസിലാക്കാൻ, ദുഃഖവെള്ളിയാഴ്ചയോ ഈസ്റ്റർ ഞായറാഴ്ചയോ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ ചാനൽ ടെന്നിന്റെ മേധാവിയെയും അതിന്റെ പ്രധാന പരിപാടിയായ ദ പ്രൊജക്റ്റിന്റെ നിർമ്മാതാക്കളെയും സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിലേക്ക് ആർച്ച് ബിഷപ്പ് ക്ഷണിച്ചു.രാജ്യത്തുടനീളമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് തങ്ങൾ മൂലം വലിയ മാനസിക വിഷമം ഉണ്ടായിട്ടും അവതാരകർക്കതു നിസാരം പോലെയാണ് ക്ഷമാപണം കേട്ടാൽ തോന്നുക. ഈസ്റ്റർ കാലയളവിന്റെ പ്രാധാന്യത്തെക്കുറിച്ചോ മാഹാത്മ്യത്തെക്കുറിച്ചോ പരിപാടിയുടെ അണിയറ പ്രവർത്തകർക്ക് തിരിച്ചറിവില്ലായിരുന്നു – ആർച്ച് ബിഷപ്പ് കത്തിൽ പറഞ്ഞു,
ക്രിസ്തുവിനെ അധിപേക്ഷിച്ചുള്ള പരാമർശത്തിനെതിരേ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനം ഉയർന്നിട്ടും ക്ഷമാപണത്തിന്റെ വീഡിയോ ക്ലിപ്പ് ചാനൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടില്ലെന്നതും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.ഒരു വാർത്താ പരിപാടിയിലൂടെ ഓസ്ട്രേലിയക്കാരിൽ പകുതിയിലധികം പേരുടെ വിശ്വാസങ്ങളെ നിശിതമായി പരിഹസിക്കുന്നത് അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.