മനുഷ്യരെ ബഹിരാകാശത്തയക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാൻ്റെ ഭാഗമായുള്ള നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഐഎസ്ആർഒ സ്ഥലം കണ്ടെത്തിയെന്നാണ് പുതിയ റിപ്പോർട്ട്. ഓസ്ട്രേലിയയിലെ കോകോസ് ദ്വീപിലാണ് താല്കാലിക ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഇന്ത്യ സ്ഥലം കണ്ടെത്തിയത്. ഐഎസ്ആർഒയും ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയും തമ്മിലുള്ള സഹകരണത്തിലൂടെയാണ് നിരീക്ഷണ കേന്ദ്രം സാധ്യമാക്കുക.
ഇന്ത്യൻ സംഘം ദ്വീപ് സന്ദർശിച്ചിരുന്നുവെന്നും അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയതായി ഓസ്ട്രേലിയൻ സ്പേസ് ഏജൻസി മേധാവി എന്റികോ പലേർമോ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓസ്ട്രേലിയൻ പ്രൊജക്ട് മാനേജറുമായി ചേർന്ന് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ജോലികളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങൾ ഗഗൻയാൻ വിക്ഷേപണങ്ങളുടെ പാത നോക്കുമ്പോൾ, നിരീക്ഷണത്തിനും നിയന്ത്രണത്തിനും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കോകോസ് ദ്വീപെന്ന് അദ്ദേഹം പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിനിടെ ദൗത്യം പിൻവലിക്കപ്പെട്ടാൽ അതിലെ ദൗത്യ സംഘത്തെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ദൗത്യത്തിന്റെ സഞ്ചാര പാത അനുസരിച്ച് അത് ഓസ്ട്രേലിയൻ കടലിലായിരിക്കുമെന്നും അത്തരം അടിയന്തിര ഘട്ടങ്ങളിലും ഓസ്ട്രേലിയ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും പലെർമോ പറഞ്ഞു.
കാർബൺ ബഹിർഗമനം നിരീക്ഷിക്കുന്നതിനുള്ള ലാറ്റ്കണക്ട് 60 ഉപഗ്രം (LatConnect60 Satellite), സ്പേസ് മൈത്രി (മിഷൻ ഫോർ ഓസ്ട്രേലിയ-ഇന്ത്യ ടെക്നോളജി, റിസർച്ച് ആന്റ് ഇനൊവേഷൻ), സ്കൈ ക്രാഫ്റ്റിന്റെ ഗതിനിർണയ ഉപഗ്രഹ ശൃംഖല എന്നിവയ്ക്കായി ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കുന്നുണ്ടെന്നും പലെർമോ പറഞ്ഞു.