രജനികാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ജയിലറി’ന്റെ ലാഭ വിഹിതത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ. ഇതിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സൺ പിക്ചേഴ്സിനെ പ്രതിനിധീകരിച്ച് ശ്രീമതി കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിക്കാണ് തുക കൈമാറിയത്. ഇതിലൂടെ പാവപ്പെട്ട 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടക്കും.
ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ജയിലര്‍. ആദ്യദിനം മുതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. തമിഴ്നാട്- കേരള ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പല റെക്കോര്‍ഡുകളും ജയിലര്‍ മറി കടന്നു. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 600 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. കേരളത്തില്‍ നിന്നു മാത്രം 60 കോടി അടുപ്പിച്ച് ചിത്രം നേടിയെന്നാണ് വിവരം.
നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ജയിലര്‍ സംവിധാനം ചെയ്തത്. മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രത്തെ ആണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിച്ചത്. മാത്യു എന്ന കാമിയോ റോളില്‍ മോഹന്‍ലാലും നരസിംഹ എന്ന കഥാപാത്രമായി ശിവരാജ് കുമാറും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചെറുതെങ്കിലും വലിയ ഓളമാണ് തിയറ്ററുകളില്‍ ഇരുവര്‍ക്കും ലഭിച്ചത്. വിനായകന് ആയിരുന്നു വര്മന് എന്ന പ്രതിനായക വേഷത്തില്‍ എത്തിയത്. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച വില്ലന്‍ ആയിരുന്നു വര്മന് എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്.