മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ബസ് യാത്രക്കാരായ അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടുവെന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവും ബന്ധുക്കളുമടക്കം നാല് പേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
രാമൻകുത്ത് വീട്ടിച്ചാൽ സ്വദേശി പൂളക്കുന്നൻ സുലൈമാൻ(44), സഹോദരൻ ഷിഹാബ് (42), സുലൈമാന്റെ മകളുടെ ഭർത്താവ് മുമുള്ളി സ്വദേശി തോടേങ്ങൽ നജീബ്(28), എടക്കര തെയ്യത്തുംപാടം സ്വദേശി വടക്കേതിൽ സൽമാൻ(24) എന്നിവരേയാണ് സി ഐ. പി വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെ ചന്തക്കുന്ന് ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. മഞ്ചേരി-വഴിക്കടവ് റൂട്ടിലെ ബദരിയ ബസിലെ ഡ്രൈവർ മക്കരപറമ്പ് സ്വദേശി ഷാനവാസി(38)നെയാണ് ഒരു സംഘം അടിച്ച് പരുക്കേൽപ്പിച്ചത്. രാവിലെ മഞ്ചേരിയിൽ നിന്നും ബസ് വഴിക്കടവിലേക്ക് പോകുന്ന സമയം ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ നിന്നും യുവതിയും മകനും കയറിയിരുന്നു. കുട്ടി ബോണറ്റിന് സമീപമുള്ള കമ്പിയിൽ പിടിച്ചാടുന്നത് കണ്ട് ഉമ്മയുടെ കൂടെ സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടതിന് മാതാവ് പ്രകോപിതയായി കുട്ടിയുമൊത്ത് കരിമ്പുഴയിൽ ഇറങ്ങിപ്പോയെന്നാണ് ഡ്രൈവറുടെ മൊഴി.