‘ജാക്ക് ദി റിപ്പർ’ ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കാലത്ത് ലണ്ടന്‍ നഗരവാസികള്‍ക്ക് ജീവന് പോകുമായിരുന്നു. ഊരും പേരുമറിയാത്ത കൊലയാളി. സമാനരീതിയില്‍ കൊല്ലുപ്പെടുന്ന സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെട്ടതോടെയാണ് നഗരത്തെ നടുക്കിയ അജ്ഞാതനായ കൊലയാളിയെ കുറിച്ചുള്ള കഥകള്‍ 1880 -കളിൽ ലണ്ടന്‍ നഗരം കീഴടക്കിയത്. 2014-ൽ, ആരോൺ കോസ്മിൻസ്കി എന്ന വ്യക്തിയാണ് ആ കൊലയാളിയെന്ന് അഭിപ്രായങ്ങൾ ഉയർന്നെങ്കിലും അതിനെ സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകളൊന്നും ലഭ്യമായിരുന്നില്ല. ജാക്ക് ദി റിപ്പർ കൊലപാതകങ്ങൾ മറവിയിലേക്ക് ആണ്ടു തുടങ്ങിയെങ്കിലും വർഷങ്ങള്‍ക്കിപ്പുറം നഗരത്തെ നടുക്കിയ ആ ഭീകരനായ കൊലയാളിയെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവസരം ലഭിച്ചു.
1888 നും 1891 നും ഇടയില്‍ നടത്തിയ അഞ്ച് കൊലപാതകങ്ങളാണ് സീരിയര്‍ കില്ലറുടേതായി രേഖപ്പെടുത്തിയത്. ഈ കൊലപാതക പരമ്പരകള്‍ വൈറ്റ്ചാപ്പല്‍ കൊലപാതകങ്ങള്‍ എന്നും അറിയപ്പെടുന്നു. കൊലപാതകിയെന്ന് അവകാശപ്പെട്ട് അജ്ഞാതനെഴുതിയ “ഡിയർ ബോസ് ലെറ്റര്‍” എന്ന കത്തില്‍ നിന്നുമാണ് “ജാക്ക് ദി റിപ്പർ” എന്ന പേര് വന്നത്. എന്നാല്‍ ഈ എഴുത്ത് വ്യാജമാണെന്നും ഇത് മാധ്യമ സൃഷ്ടിയാണെന്നും പലരും കരുതി. എന്നാല്‍, വൈറ്റ്ചാപ്പൽ വിജിലൻസ് കമ്മിറ്റിയിലെ ജോർജ്ജ് ലസ്കിന് ലഭിച്ച “ഫ്രം ഹെൽ ലെറ്റർ” എന്ന മറ്റൊരു കത്തില്‍ കൊലപ്പെടുത്തിയ ഒരു സ്ത്രീയുടെ വൃക്കയും ഉണ്ടായിരുന്നുവെന്ന വാര്‍ത്ത കൊലയാളിയെ കുറിച്ചുള്ള ഭയം വര്‍ദ്ധിപ്പിച്ചു. കൊലയാളിയുടെ അസാധാരണമായ ക്രൂര സ്വഭാവവും കുറ്റകൃത്യങ്ങളും വലിയ മാധ്യമ ശ്രദ്ധ നേടി.