ഇടുക്കി: വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിയായ പ്രേംകുമാറിനെയാണ് കുമളി പൊലീസ് പിടികൂടിയത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു വരുത്തി വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
ഡിസംബര്‍ മാസത്തിലാണ് പ്രേംകുമാര്‍ ചെക്ക് റിപ്പബ്ലിക് സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. ഓസ്ട്രേലിയയില്‍ ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്നയാളാണ് പ്രേംകുമാര്‍. ഫേസ്ബുക്കിലെ ഒരു ട്രാവല്‍ ഗ്രൂപ്പ് വഴിയായിരുന്നു പരിചയം. തുടര്‍ന്ന് വാട്സ്ആപ്പ് നമ്പര്‍ കരസ്ഥമാക്കി സന്ദേശങ്ങളയച്ചു തുടങ്ങി. 50 രാജ്യങ്ങള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സൗഹൃദം കൂടുതല്‍ ശക്തമാക്കി.’
‘തുടര്‍ന്ന് ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് സന്ദര്‍ശിക്കാമെന്ന് വിശ്വസിപ്പിച്ച് ക്ഷണിച്ചു. ഇതനുസരിച്ച് 12ന് കൊച്ചിയിലെത്തിയ യുവതിയെ പ്രേംകുമാര്‍ സ്വന്തം കാറില്‍ ചെറായിയിലിലെ ഹോട്ടലിലെത്തിച്ചു. ഇവിടെ വച്ചും പിന്നീട് ആലപ്പുഴയിലെ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചു. ഇതിന് ശേഷം 15ന് കുമളിയിലെത്തി. ഹോംസ്റ്റേയില്‍ താമസിക്കുന്നതിനിടെ പീഡനം തുടര്‍ന്നുവെന്നാണ് വിദേശ യുവതിയുടെ പരാതി. ഇതിനു ശേഷം 16ന് രാത്രി യുവതി ചെലവുകള്‍ക്കായി നല്‍കിയിരുന്ന മുപ്പതിനായിരം രൂപയും 200 പൗണ്ടുമായി കോയമ്പത്തൂരിലേക്ക് കടന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കോയമ്പത്തൂരിലെത്തിയാണ് പ്രതിയെ കുമളി പൊലീസ് പിടികൂടിയത്.’
വിദേശ വനിതയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം മജിസട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതി യുവതിയുമായി താമസിച്ചിരുന്ന കുമളിയിലെ ഹോം സ്റ്റേയിലെത്തി ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിച്ചു. പ്രേംകുമാറിനെ ഇവര്‍ താമസിച്ചിരുന്ന ചെറായി, ആലപ്പുഴ എന്നിവിടങ്ങളിലെ ഹോട്ടലുകളിലെത്തിച്ചും തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.