ലെബനനില്‍ ഹിസ്ബുള്ളയ്ക്ക് നേരെ തിരിച്ചടി കടുപ്പിച്ചിരിക്കെ ഗാസയിലും ആക്രമണം തുടർന്ന് ഇസ്രയേല്‍. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചണില്‍ ജോലി ചെയ്യുന്ന ഏഴ് പേര് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ ആക്രമണം മനഃപൂര്‍വമായിരുന്നില്ല.നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞദിവസം ഞങ്ങളുടെ സൈന്യം ഗാസയിലെ നിരപരാധികളായ ആളുകള്‍ക്കുമേല്‍ മനഃപൂര്‍വമല്ലാതെ ആക്രമണം നടത്തിയ സംഭവമുണ്ടായി. യുദ്ധത്തില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.
ഞങ്ങള്‍ വിശദമായ അന്വേഷണം നടത്തും. ഇത്തരത്തിലൊന്ന് വീണ്ടും സംഭവിക്കാതിരിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യും, നെതന്യാഹു കൂട്ടിച്ചേർത്തു. വ്യോമാക്രമണത്തിന് പിന്നാലെ യു.എസും യു.കെയും ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളില്‍നിന്ന് വ്യാപകവിമര്‍ശനം ഇസ്രയേലിന് നേരിടേണ്ടിവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. വേള്‍ഡ് സെന്‍ട്രല്‍ കിച്ചന് എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കായിരുന്നു ഇസ്രയേല്‍ ആക്രമണത്തില്‍ ജീവന് നഷ്ടമായത്.
ഇതിന് പിന്നാലെ അവര്‍ മേഖലയിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ആസ്ത്രേലിയ, പോളണ്ട്, ബ്രിട്ടണ് എന്നീ രാജ്യങ്ങളിലെ പൗരന്മാരും അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാളും ഫലസ്തീന് സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. കടല്‍ വഴി വന്ന 100 ടണ്ണിലധികം മാനുഷിക സഹായം ഇറക്കിയ ശേഷം ഡീല്‍ അല്‍ ബാലഹിലെ വെയര്‍ ഹൗസില്‍ നിന്ന് തിരിച്ചു പോകുമ്ബോഴാണ് ആക്രമണമുണ്ടാകുന്നത്. വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ലോഗോ പതിച്ച വാഹനത്തിന് നേരരെയായിരുന്നു ആക്രമണം. ഇസ്രായേല്‍ പ്രതിരോധ സേനയുമായി ഏകോപിപ്പിച്ചായിരുന്നു യാത്രയെന്ന് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം സിറിയയിലെ ഇറാൻ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഹിസ്ബുളള
രംഗത്തെത്തിയിരുന്നു. ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരും. ശത്രുവിന് ശിക്ഷ ലഭിക്കാതെ ഈ കുറ്റകൃത്യം കടന്നുപോകില്ല എന്നാണ് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള പ്രസ്താവനയില്‍ തുറന്നടിച്ചത്. എന്നാല്‍ ഹിസ്ബുളളയുടെ പത്തിക്കടിച്ച് ഇസ്രയേല്‍ സേന ലെബനനില്‍ തിരിച്ചടി തുടരുകയാണ്. ഡമാസ്കസിലെ ഇറാൻ കോണ്‍സുലേറ്റിന് നേരെ നടത്തിയ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന് റെവല്യൂഷണറി ഗാർഡുകളായ ഏഴ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 11 പേർ കൊല്ലപ്പെട്ടത്.
ഇവരെ കൂടാതെ മറ്റൊരു ഇറാൻ പൌരനും രണ്ട് സിറിയക്കാരും ഒരു ലെബനീസുകാരനും കൊല്ലപ്പെട്ടു. യുദ്ധവിമാനങ്ങള്‍ മിസൈല്‍ വർഷിച്ചാണ് ആക്രമണം നടത്തിയത്. എഫ്-35 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന് പറയുന്നത്. ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സിറിയയില്‍ മുന്‍പും ആക്രമണം നടത്തിയിരുന്നു. ഇറാനില്‍ നിന്നുള്ള ആയുധനീക്കം തടയാനാണ് ഇസ്രയേല്‍ ശ്രമമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒക്ടോബറില്‍ ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടങ്ങിയപ്പോള്‍ ഹിസ്ബുള്ള ഹമാസിനെ പിന്തുണച്ച് വെടിവെപ്പ് നടത്തിയിരുന്നു. നേരിട്ട് യുദ്ധത്തിനിറങ്ങാതെ ഇസ്രയേലിലേക്ക് അവർ മിസൈലുകള്‍ തൊടുത്തു. ഏതാനും ഇസ്രയേല്‍ സൈനികർ ആക്രമണത്തില്‍ കൊല്ലപ്പെടുകയും പ്രത്യാക്രമണങ്ങളില്‍ ഹിസ്ബുള്ളയ്ക്കും വലിയ ആള്നഷ്ടമുണ്ടാവുകയും ചെയ്തു.