പ്രണയ ബന്ധങ്ങൾ തകർന്നാൽ, പഴയ സ്നേഹമൊക്കെ മറന്ന്, പകയോടെ മുൻ പ്രണയിതാക്കളെ ശല്യം ചെയ്യുന്നവർ നിരവധിയാണ്. ഫോൺ വിളിച്ചും നേരിട്ട് പിന്തുടർന്നും സാമൂഹിക മാധ്യമങ്ങളിലൂടെയുമൊക്കെ ഇത്തരത്തിൽ ശല്യം ചെയ്യുന്നവരെ കുറിച്ച് സമീപകാലത്ത് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു കാര്യത്തിനായി വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തിരിക്കുകയാണ് ഒരു പൂര്‍വ്വകാമുകന്‍. തന്റെ മുന്‍ കാമുകിയെ ശല്യം ചെയ്ത് പ്രതികാരം തീര്‍ക്കാനായി ഇയാള്‍ തെരഞ്ഞെടുത്തത് ഫുഡ് ഡെലിവറി ആപ്പ്.
തന്റെ ലിങ്ക്ഡ്ഇന്‍ അക്കൗണ്ടിലൂടെ ബെംഗളൂരൂ ടെക്കിയായ രുപാല്‍ മധുപ് എന്ന എന്ന യുവതിയാണ്, തന്റെ ഒരു സുഹൃത്തിന് മുന്‍ കാമുകനില്‍ നിന്നും നേരിടേണ്ടിവന്ന ഇത്തരത്തിലുള്ള ഒരു പ്രതികാര നടപടിയെ കുറിച്ച് പങ്കുവെച്ചത്. ഫുഡ് ഡെലിവറി ഏജന്റായിരുന്ന മുൻ കാമുകൻ, സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി ആപ്പിലൂടെയാണ് യുവതിയെ പിന്തുടര്ന്നത്. ആപ്പിൽ നിന്ന് ആദ്യമൊക്കെ മെസ്സേജ് വന്നപ്പോൾ യുവതി അത് കാര്യമായി എടുത്തില്ല. എന്നാൽ, പിന്നീട് തുടർച്ചയായി തന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കും വിധത്തിലുള്ള മെസ്സേജുകൾ വന്നു തുടങ്ങിയതോടെ അവർ പരിഭ്രാന്തയായി.