പനാമ സിറ്റി: സംശയകരമായ ‘പാക്കറ്റ്’ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. പനാമയില്‍ നിന്ന് അമേരിക്കയിലെ ഫ്ലോറിഡയിലേക്കുള്ള വിമാനമാണ് ടോയ്ലറ്റില് സംശയകരമായ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് തിരികെ വിമാനത്താവളത്തില്‍ എത്തിച്ചത്. എന്നാല്‍ പിന്നീട് നടന്ന വിശദമായ പരിശോധനയില്‍ സംശയിക്കപ്പെട്ട വസ്തു സംബന്ധിച്ച ആശങ്ക ചിരിക്ക് വഴിമാറി.
പനാമ സിറ്റിയില്‍ നിന്ന് ഫ്ലോറിഡയിലെ ടാംപയിലേക്കുള്ള കോപ എയര്‍ലൈന്‍സ് വിമാനമാണ് ‘ബോംബ് ഭീഷണിയെ’ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമായത്. ബോയിങ് 737 – 800 വിഭാഗത്തില്‍ പെടുന്ന വിമാനം, റണ്‍വേയില്‍ നിന്നും മറ്റ് വിമാനങ്ങള്‍ക്ക് അടുത്തു നിന്നും മാറ്റിയ ശേഷം യാത്രക്കാരെയെല്ലാം വിമാനത്തില്‍ നിന്ന് പുറത്തിറക്കി. 144 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 10.59ഓടെയായിരുന്നു വിമാനം തിരികെ ലാന്‍ഡ് ചെയ്തതെന്ന് പനാമ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ എക്സ്പ്ലോസീവ് യൂണിറ്റ് വിമാനത്തിനുള്ളില്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു.
ടോയ്ലറ്റില് കണ്ടെത്തിയ സംശയകരമായ വസ്തു മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ഡയപ്പറാണെന്ന് പിന്നീട് പരിശോധനയില്‍ കണ്ടെത്തി. മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന കവറില്‍ ഭദ്രമായി പൊതിഞ്ഞാണ് ഡയപ്പര്‍ വെച്ചിരുന്നതെന്ന് എയര്‍പോര്‍ട്ട് സുരക്ഷാ മേധാവി ജോസ് കാസ്ട്രോ പറഞ്ഞു. സംശയകരമായി കണ്ടെത്തിയ പാക്കറ്റിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
അതേസമയം മറ്റൊരു സംഭവത്തില്‍ പ്രമേഹരോഗിയാണെന്ന പേരില്‍ യാത്രയ്ക്ക് തൊട്ടുമുമ്പ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതിപ്പെട്ട് യാത്രക്കാരി. യുകെ സ്വദേശിനിയായ ഹെലൻ ടെയ്ലര് എന്ന അമ്പത്തിരണ്ടുകാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നുവത്രേ സംഭവം. ഹെലനും ഭര്‍ത്താവും കൂടി റോമിലേക്കുള്ള യാത്രയിലായിരുന്നു. വിമാനമെടുക്കാൻ അല്പസമയം മാത്രം ബാക്കിനില്‍ക്കെ ഇവരോട് യാത്ര ചെയ്യാനാകില്ലെന്നും വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു.
വിശ്രമമുറിയില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഹെലൻ ക്ഷീണിതയായിരുന്നു. ഇത് താൻ ഭക്ഷണം കഴിച്ചയുടൻ ആയതിനാലാണെന്നും പതിവാണെന്നുമാണ് ഇവര്‍ പറയുന്നത്. അതുപോലെ നന്നായി വിയര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ ലക്ഷണങ്ങളെല്ലാം കണ്ടുകൊണ്ടാണ് ജീവനക്കാര്‍ ഇവരോട് വിമാനത്തില്‍ നിന്നിറങ്ങാൻ പറഞ്ഞതത്രേ.
എന്നാല്‍ താൻ പ്രമേഹരോഗിയായതിനാല്‍ ദീര്‍ഘനേരം ഭക്ഷണം കഴിക്കാതെ കഴിക്കുമ്പോള്‍ ഇതുപോലെ ക്ഷീണമുണ്ടാകുന്നത് പതിവാണ്, ആര്‍ത്തവവിരാമത്തോട് അടുത്ത് നില്ക്കുന്നതിനാല് അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. അമിതമായ വിയര്‍പ്പെല്ലാം ഇതിന്റെ ഭാഗമാണ്. തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ഏറെ പറഞ്ഞു. എന്നിട്ടും യാത്രയ്ക്ക് അനുമതി നല്‍കാതെ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോകാൻ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഹെലൻ പറയുന്നു. അതേസമയം ഹെലന്റെ ആരോഗ്യനില വിദഗ്ധരെത്തി പരിശോധിച്ചപ്പോള്‍ തൃപ്തികരമല്ലെന്ന് കണ്ടാണ് വിമാനത്തില്‍ നിന്നിറങ്ങാൻ നിര്‍ദേശിച്ചതെന്നാണ് ഫ്ളൈറ്റ് ജീവനക്കാര്‍ അറിയിക്കുന്നത്.