ബെംഗളൂരു: ബെംഗളൂരുവിലും ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ എത്തി. ചൈനയിൽ നിന്നാണ് ആറ് കോച്ചുകൾ ഉൾപ്പെടുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ബുധനാഴ്ച ബെംഗളൂരുവിലെത്തിയതെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. സൗത്ത് ബെംഗളൂരുവിലെ ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയിലെ ഹെബ്ബഗോഡി ഡിപ്പോയിലേക്കാണ് കോച്ചുകൾ എത്തിയത്.
ആർവി റോഡിൽ നിന്ന് സിൽക്ക് ബോർഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്ക് ബിഎംആർസിഎല്ലിൻ്റെ യെല്ലോ ലൈനിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ബിഎംആർസിഎല്ലിന് വേണ്ടി 216 കോച്ചുകൾ നിർമ്മിക്കാൻ കരാർ ലഭിച്ച ചൈനീസ് കമ്പനിയാണ് ട്രെയിനും കോച്ചുകളും നിർമ്മിച്ചതെന്ന് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. 216 കാറുകൾ ഓർഡർ ചെയ്തിട്ടുണ്ട്. അതിൽ 90 എണ്ണം യെല്ലോ ലൈനിൽ പ്രവർത്തിക്കുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
2020ൽ ദില്ലി മെട്രോയാണ് രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ എന്ന ഖ്യാതി സ്വന്തമാക്കിയത്. ജനക്പുരി വെസ്റ്റ്- ബൊട്ടാണിക്കൽ ഗാർഡൻ മെജന്ത ലെയ്നിലാണ് ഡ്രൈവറില്ലാത്ത മെട്രോ ആദ്യമായി സർവീസ് നടത്തിയത്. ആധുനിക സിഗ്നൽ സംവിധാനമായ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) ഏർപ്പെടുത്തിയിട്ടുള്ള പാതകളിലാണ് ഡ്രൈവറില്ലാത്ത മെട്രോ സർവീസ് ആരംഭിക്കുന്നത്.