തിരുവനന്തപുരം: ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരക്കെതിരെ എഫ്ഐആര്‍. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതാണ് കേസിനാധാരം. ഫാ. യൂജിൻ പെരേര മാത്രമാണ് കേസിലെ പ്രതി. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേർക്കതിരെയാണ് റോഡ് ഉപരോധിച്ചതിനിന് കേസെടുത്തത്.
കലാപാഹ്വാനത്തിന് എന്ന പോലെ വികാരി ജനറൽ ഫാദർ യൂജിൻ പെരേരെയാണ് മന്ത്രിമാരെ തടയാന്‍ ആള്‍ക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചിരുന്നു. എന്നാല്‍, ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും കയർത്തത് മന്ത്രിമാരാണെന്ന് യൂജിൻ പെരേര പറഞ്ഞു. അപകടമുണ്ടായതിൽ തീരത്ത് പ്രതിഷേധം അരങ്ങേറുന്നതിനിടെയായിരുന്നു ഇന്നല്ലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മന്ത്രിമാരായ വി ശിവൻകുട്ടിയും ആൻ്റണി രാജുവും ജിആർ അനിലും മുതലപ്പൊഴിയിലെത്തിയത്. മന്ത്രിമാരെ കണ്ടതോടെ പ്രതിഷേധം അവർക്ക് നേരെയായി. നിരന്തരം അപകടമുണ്ടായിട്ടും എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. പ്രതിഷേധക്കാരോട് മന്ത്രി കയർത്തതോടെ സ്ഥിതി രൂക്ഷമായി. ഇതിനിടെ സ്ഥലത്തെത്തിയ ലത്തീൻ അതിരൂപതാ വികാരി ജനറൽ യൂജിൻ പെരേരയും മന്ത്രിമാരും തമ്മിലും വാക്കേറ്റമുണ്ടായി. വൻതുക മത്സ്യത്തൊഴിലാളികളിൽ നിന്ന് പിരിച്ച് പള്ളികൾ ചൂഷണം ചെയ്യുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളിയ യൂജിൻ പെരേരെ പ്രശ്നം വഷളാക്കിയത് മന്ത്രിമാരാണെന്ന് കുറ്റപ്പെടുത്തി.