ബ്രസ്സല്‍സ് : ഫിന്‍ലന്‍ഡ് ഇന്ന് ഔദ്യോഗികമായി നാറ്റോ സൈനിക സഖ്യത്തിലെ 31-ാം അംഗമാകുമെന്ന് നാറ്റോ തലവന്‍ ജെന്‍സ് സ്റ്റോല്‍റ്റന്‍ബര്‍ഗ് അറിയിച്ചു.നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെ അപേക്ഷ അടുത്തിടെ തുര്‍ക്കി പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. യു.എസ് അടക്കം മറ്റ് അംഗങ്ങളെല്ലാം നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു.
മാസങ്ങള്‍ നീണ്ട എതിര്‍പ്പിനൊടുവിലാണ് തുര്‍ക്കി ഫിന്‍ലന്‍ഡിന് പച്ചക്കൊടി കാട്ടിയത്. ഇതോടെയാണ് ഫിന്‍ലന്‍ഡിന്റെ നാറ്റോ പ്രവേശനത്തിന് മുന്നിലുണ്ടായിരുന്ന അവസാന തടസ്സവും നീങ്ങിയത്. ഫിന്‍ലന്‍ഡ് പതാക ഇന്ന് ബ്രസ്സല്‍സിലെ നാറ്റോ ആസ്ഥാനത്ത് ഉയര്‍ത്തും. കൂട്ടായ്മയിലെ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരാനിരിക്കെയാണ് നിര്‍ണ്ണായക പ്രഖ്യാപനം.
ഫിന്‍ലന്‍ഡ് പ്രസിഡന്റ് സോളി നിനിസ്റ്റോ നാറ്റോ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, ഫിന്‍ലന്‍ഡിന്റെ നാറ്റോ പ്രവേശനം അയല്‍രാജ്യമായ റഷ്യയുടെ കടുത്ത വിരോധത്തിന് കാരണമായിട്ടുണ്ട്. തങ്ങളുടെ പടിഞ്ഞാറന്‍, വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് റഷ്യ അറിയിച്ചു.
യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ഫിന്‍ലന്‍ഡും അയല്‍രാജ്യമായ സ്വീഡനും സൈനിക നിഷ്പക്ഷ നയം ഉപേക്ഷിച്ച് നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. ഹംഗറി, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ സ്വീഡന്റെ പ്രവേശനം ഇപ്പോഴും പാതി വഴിയിലാണ്.