മലപ്പുറം: സാമ്പത്തിക തട്ടിപ്പു കേസില്‍ പിടിയിലായ തൃശൂര്‍ കോഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്തിനെതിരെ കൂടുതല്‍ പരാതികള്‍. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് പരാതികളെത്തിയത്. ഈ പരാതികളില്‍ പൊലീസ് അനേഷണം ആരംഭിച്ചു.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഒമ്പത് കേസുകളുണ്ട്. അഭിഭാഷക ചമഞ്ഞും സാമ്പത്തിക ഇടപാടുകള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ഭീഷണിപ്പെടുത്തിയും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും ഇവര്‍ പണം തട്ടിയെന്നാണ് പാരാതി. ഹൈക്കോടതി അഭിഭാഷകയെന്ന പേരില്‍ കേസ് നടത്തിപ്പിനും ഒത്തുതീര്‍പ്പാക്കാനും സഹായം വാഗ്ദാനം ചെയ്ത് സ്വര്‍ണവും പണവും തട്ടി എന്നു കാണിച്ച് പരാതിക്കാര്‍ പൊലീസിനെ സമീപിച്ചിരുന്നു. സ്വാധീനമുള്ളതിനാല്‍ നുസ്രത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.അതേസമയം, മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഡിവൈഎസ്പി കെ എ സുരേഷ് നേരിട്ട് വന്ന് പണമടച്ചു. അഭിഭാഷകനൊപ്പമെത്തിയാണ് സുരേഷ് മഞ്ചേരി കോടതിയില്‍ പണമടച്ചത്. ഇതോടെ നുസ്രത്തിന് ജാമ്യം ലഭിച്ചു. 2.35 ലക്ഷം രൂപയാണ് അടച്ചത്.