സിഡ്നി: ഓസ്ട്രേലിയയിൽ ഇൻഫ്ളുവൻസ പനി വ്യാപിക്കുന്നതിനെതുടർന്ന് ആശുപത്രികളിൽ തിരക്ക് വർധിക്കുന്നു. രോഗബാധിതർ അധികവും കുട്ടികളാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ തോതിലുള്ള രോഗവ്യാപനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. പെർത്തിൽ മൂന്ന് വയസുകാരൻ ഇൻഫ്ളുവൻസ ബാധിച്ച് മരിച്ചതോടെ ആരോഗ്യ പ്രവർത്തകർ വലിയ ജാഗ്രതയിലാണ്.
ഈ വർഷത്തെ ഇൻഫ്ളുവൻസ സീസൺ ആരംഭിച്ചതു മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 80 ശതമാനവും കുട്ടികളാണ്. 2023 ലെ ഫ്ളൂ സീസൺ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഫ്ളൂ സീസണുകളിൽ ഒന്നായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളിൽ ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഡോക്ടർമാർക്ക് ആശങ്കയുണ്ട്. കുട്ടികൾ ദുർബലരായതിനാലും അവർക്കിടയിലെ ഇൻഫ്ളുവൻസ വാക്സിനേഷൻ നിരക്ക് കുറവായതുമാണ് രോഗബാധിതർ വർധിക്കാൻ കാരണം.ഓസ്ട്രേലിയയുടെ ചരിത്രത്തിലെ റെക്കോർഡ് പനിക്കാലമാണ് 2019-ലുണ്ടായത്. 300,000- ത്തിലധികം ഇൻഫ്ളുവൻസ കേസുകളാണ് അന്നു രേഖപ്പെടുത്തിയത്. അതിനു സമാനമായ പാതയിലാണ് ഈ വർഷത്തെ പനിക്കാലം.ഇതുവരെ 1,07,941 ഫ്ളൂ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 48,873 പേർ 15 വയസിൽ താഴെയുള്ളവരും 22,365 പേർ അഞ്ച് മുതൽ ഒമ്പത് വയസു വരെയുള്ളവരുമാണ്. ഫ്ളൂ സീസൺ തീരാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്.
ഏപ്രിൽ അവസാനം പനിക്കാലം ആരംഭിച്ചതുമുതൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 80 ഉതമാനം കുട്ടികളാണ്. ഈ വർഷം ഇൻഫ്ളുവൻസ വാക്സിൻ ലഭിക്കാത്ത കുട്ടികളുടെ എണ്ണവും മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നതാണ് ആശുപത്രി കേസുകൾ വർധിക്കാൻ കാരണം.2020-ലെ ഫ്ളൂ സീസണിന്റെ ഈ സമയം, ആറ് മാസം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളിൽ ഏകദേശം 40 ശതമാനം പേർക്ക് പ്രതിരോധ വാക്സിൻ നൽകി. എന്നാൽ ഈ വർഷം ഇത് 20 ശതമാനം മാത്രമാണ്. 2020 ൽ അഞ്ച് മുതൽ 15 വയസ് വരെയുള്ളവരിൽ, 25 ശതമാനത്തിന് വാക്സിൻ നൽകി. എന്നാൽ ഇപ്പോൾ ഈ കണക്ക് വെറും 12 ശതമാനമാണ്.
അഞ്ച് വയസിൽ താഴെയുള്ള കൊച്ചുകുട്ടികളാണ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാൻ ഏറ്റവും സാധ്യതയുള്ള വിഭാഗം.
ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം, രോഗപ്രതിരോധം എന്നിവയിൽ തകരാറുകൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്കാണ് ഇൻഫ്ളുവൻസ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത. എങ്കിലും ഓരോ വർഷവും പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളിൽ പകുതിയിലേറെയും ആരോഗ്യപ്രശ്നങ്ങളിലാത്തവരാണെന്നതാണ് ആശ്വാസകരം. അപൂർവമാണെങ്കിലും, ആരോഗ്യമുള്ള കുട്ടികളിലും ഫ്ളൂ മരണങ്ങൾ സംഭവിക്കാറുണ്ട്.കുട്ടികളുടെ മൂക്കിലെ സ്രവങ്ങളിൽ വലിയ അളവിലുള്ള വൈറസുണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു. രോഗം സുഖമായാലും വൈറസുകൾ അവിടെയുണ്ടാകും. കുട്ടികൾ ചുമയ്ക്കുമ്പോൾ വൈറസ് അടുത്തുള്ളവരുടെ മേൽ തെറിക്കും. അതിലൂടെ അവരുടെ മാതാപിതാക്കളെയും മുത്തശ്ശിമാരെയും ഇളയ സഹോദരങ്ങളെയും രോഗം വേഗത്തിൽ ബാധിക്കും. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് പെട്ടെന്ന് അസുഖം വരാനും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുമുള്ള സാധ്യത കൂടുതലാണ്.
എന്താണ് ഇൻഫ്ളുവൻസ
ഇൻഫ്ളുവൻസയെ ഫ്ളൂ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. സാധാരണ പനിയിൽ നിന്നും ഗുരുതരമായ ലക്ഷണങ്ങളാണ് ഇൻഫ്ളുവൻസയ്ക്ക് കണ്ടുവരുന്നത്. തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇൻഫ്ളുവൻസ ഒരു ശ്വാസകോശ വൈറസ് കൂടിയാണ്. ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാൻ വളരെ എളുപ്പമാണ് എന്നതുകൊണ്ട് തന്നെ ജാഗ്രത പാലിച്ചേ മതിയാകൂ. ആറടി ദൂരത്തിൽ വരെ ഇൻഫ്ളുവൻസ വൈറസിന് എളുപ്പത്തിൽ സഞ്ചരിക്കാനാകും എന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടി കാണിക്കുന്നു.
ഇൻഫ്ളുവൻസയുടെ സാധാരണലക്ഷണങ്ങൾ ഇവയാണ്:
ചുമ
മൂക്കൊലിപ്പ് അല്ലെങ്കിൽ അടഞ്ഞ മൂക്ക് തൊണ്ടവേദന
പനി
ക്ഷീണം
തലവേദന
ശരീര വേദന
കുട്ടികൾക്ക് ഫ്ളൂ വാക്സിൻ എടുക്കുന്നത് പകുതിയിലധികം അണുബാധകളെ തടയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രോഗബാധിതരാണെങ്കിൽപ്പോലും, വാക്സിനേഷൻ എടുത്ത കുട്ടികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കുറവാണ്.