കാൻബറ: റദ്ദാക്കിയ വിമാന സർവീസുകളുടെ ടിക്കറ്റുകൾ വിറ്റഴിച്ച സംഭവത്തിൽ ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിന് കോടതിയിലും വൻ തിരിച്ചടി. ഓസ്ട്രേലിയൻ സർക്കാരിന് 100 മില്യൺ ഡോളർ പിഴ അടക്കണമെന്ന് കോടതി പറഞ്ഞു. സർവ്വീസുകൾ റദ്ദാക്കിയത് മുൻകൂട്ടി അറിയിക്കാതെ യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എല്ലാ ബിസിനസുകൾക്കും ശക്തമായ സൂചന നൽകുന്ന നടപടിയുടെ ഭാഗമാണിതെന്നും കോടതി നിരീക്ഷിച്ചു.
കോടതി നടപടി വേഗത്തിൽ പരിഹരിക്കുന്നതിന് ക്വാണ്ടാസിൻ്റെ സഹകരണം ഓസ്ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ ആവശ്യപ്പെട്ടു. സർവീസ് റദ്ദാക്കുകയും കൃത്യമല്ലാതെ സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തതിൽ ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് നഷ്ടപരിഹാരവും നൽകേണ്ടതുണ്ട്. 2021 മെയ് മുതൽ 2022 ജൂലൈ വരെയുള്ള കാലയളവിൽ റദ്ധാക്കിയ സർവീസുകളുടെ 8,000-ത്തിലധികം ടിക്കറ്റുകൾ എയർലൈൻ വിറ്റഴിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
ഉപഭോക്താക്കളെ നിരാശപ്പെടുത്തിയതു വഴി കമ്പനി അധപതിച്ചെന്ന് ക്വാണ്ടസ് ചീഫ് എക്സിക്യൂട്ടീവ് വനേസാ ഹഡ്സൺ പറഞ്ഞു. ‘റദ്ദാക്കിയത് മുൻകുട്ടി കൃത്യമായി അറിയിക്കാത്തത് ഞങ്ങളുടെ ഉപഭോക്താക്കളെ ബാധിച്ചുവെന്ന് എനിക്കറിയാം, മാപ്പ് ചോദിക്കുന്നു. 103 വർഷം പഴക്കമുള്ള ഓസ്ട്രേലിയൻ വിമാനക്കമ്പനിയാണ് ക്വാണ്ടസ്. ഇപ്പോൾ നഷ്ടപ്പെട്ട സൽപ്പേര് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും വനേസാ ഹഡ്സൺ പറഞ്ഞു.
ക്വാണ്ടാസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഓസ്ട്രേലിയയിലെ ഉപഭോക്തൃ കമ്മിഷൻ ചെയർപേഴ്സൺ കാസ് ഗോട്ടിലെബ് നിരീക്ഷിച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്ത ധാരാളം യാത്രക്കാർ തങ്ങളുടെ അവധി, ബിസിനസ്, മറ്റ് അവശ്യയാത്രകൾ എന്നിവയ്ക്ക് പദ്ധതിയിട്ടിരിക്കാം. അവരെയെല്ലാം കമ്പനിയുടെ നടപടി ബുദ്ധിമുട്ടിലാക്കിയെന്നും ഗോട്ടിലെബ് പറഞ്ഞു.
സമീപകാലത്തായി വിമാനക്കമ്പനി നിരവധി ആരോപണങ്ങൾ നേരിട്ടിരുന്നു. അമിതമായ ടിക്കറ്റ് നിരക്ക്, സേവനം നൽകുന്നതിലെ നിലവാരത്തകർച്ച, കോവിഡ് മഹാമാരിക്കിടെ 1,700 ഗ്രൗണ്ട് സ്റ്റാഫുകളെ പിരിച്ചുവിട്ടത് തുടങ്ങിയ ആരോപണങ്ങൾ നേരിട്ടിരുന്നു.