മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്, ഫാതെർസ് ഡേ സമുചിതമായി ആഘോഷിക്കുന്നു. സെപ്റ്റംബർ മാസം മൂന്നാം തിയതി, സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലെ 4.15നും, സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള വിശുദ്ധ കുർബാനയോടൊപ്പമാണ് ഫാതെർസ് ഡേ ആഘോഷിക്കുന്നത്. തദ്ദവസരത്തിൽ, കല്ലെടുക്കും കണിത്തുമ്പിയെപ്പോലെ, ഒരുപാട് നോവുകൾക്കിടയിലും, പുഞ്ചിരി ചിറക് വിടർത്തുന്ന, ഇടവകയിലെ ഓരോ അച്ഛന്മാരെയും ആദരിക്കുകയും ചെയ്യുന്നു.
ഓഗസ്റ്റ് മാസം 20, സെപ്റ്റംബർ 3 എന്നീ തിയതികളിലെ വേദപാഠക്ലാസ്സുകളിൽവെച്ച്, അച്ഛന്മാർക്കായി, കുട്ടികൾ എഴുതുന്ന പ്രത്യേക പ്രാർത്ഥനകൾ, 3 ആം തിയതിയിലെ വിശുദ്ധ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കും. പ്രത്യേക വിശുദ്ധ കുർബാനയോടൊപ്പം കാഴ്ചവെപ്പ്, അച്ഛന്മാരെ ആദരിക്കൽ, ഫാതെർസ് ഡേ സന്ദേശം, വീഡിയോ/ ഫോട്ടോ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കും.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന്റെയും, ഫാതെർസ് ഡേ കോർഡിനേറ്റർമാരായ ഷീബ ജൈമോൻ പ്ലാത്തോട്ടത്തിൽ, റീജ ജോൺ പുതിയകുന്നേൽ എന്നിവർ നയിക്കുന്ന കമ്മിറ്റിയുടെയും നേതൃത്വത്തിൽ, ഫാതെർസ് ഡേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.
ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ചു നടത്തുന്ന ഈ പ്രത്യേക ഫാതെർസ് ഡേ ആഘോഷത്തിൽ പങ്കെടുക്കുവാനും, ദൈവാനുഗ്രഹം പ്രാപിക്കുവാനുമായി, ഇടവകയിലെ, എല്ലാ അച്ഛന്മാരെയും ഏറ്റവും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.