മുംബൈ: രണ്ടാം ഭാര്യയെ അമ്മയെന്ന് വിളിക്കാൻ വിസമ്മതിച്ച മകനെ കൊലപ്പെടുത്തിയ പിതാവിന് ജീവപരന്ത്യം തടവ് ശിക്ഷ. മുംബൈയിലെ സെഷൻസ് കോടതിയാണ് 49കാരന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചത്. 2018 ഓഗസ്റ്റ് 24നായിരുന്നു മുംബൈയിലെ ദോഗ്രി സ്വദേശിയായ സലിം ഷെയ്ഖ് മകനായ ഇമ്രാൻ ഷെയ്ഖിനെ കുത്തിക്കൊലപ്പെടുത്തിയത്.
മകന്റെ മരണത്തിന് പിന്നാലെ സലിമിന്റെ ആദ്യ ഭാര്യയും സലീമിന്റെ അമ്മയുമായ പർവീൺ ഷെയ്ഖാണ് പൊലീസിൽ പരാതി നൽകിയത്. മകനും ഭർത്താവും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ ഇവർ സഹായം തേടി എത്തിയിരുന്നു. എന്നാൽ പൊലീസ് ഇവരുടെ വീട്ടിൽ എത്തിയപ്പോഴേയ്ക്കും ഇമ്രാൻ കൊലര്രപ്പെട്ടിരുന്നു. രക്തത്തിൽ കുളിച്ച് കിടന്നിരുന്ന 20കാരനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. മരിച്ച നിലയിലായിരുന്നു യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
വീട്ടിൽ വച്ച് നടന്ന നരഹത്യയാണ് സംഭവമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ ഇത് സ്ഥിരീകരിക്കാൻ ആവില്ലെന്നുമാണ് പബ്ളിക് പ്രോസിക്യൂട്ടർ അജിത് ചവാൻ കോടതിയെ അറിയിച്ചത്. യുവാവിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ലഹരിയുടെ സ്വാധീനത്തിൽ യുവാവ് സ്വയം പരിക്കേൽപ്പിച്ച് മരിച്ചതായാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
സംഭവത്തിന് സാക്ഷികളില്ലെന്നും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ സാധിച്ചില്ലെന്നുമാണ് സലിമീന്റെ അഭിഭാഷക വാദിച്ചത്. ഇമ്രാന്റെ അമ്മയുടെ പരാതി മാത്രം കണക്കിലെടുത്ത് യുവാവിനെ കൊലപ്പെടുത്തിയത് സലീമാണെന്ന് വാദിക്കാനാവില്ലെന്നായിരുന്നു സലീമിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. ഇതിനായി തെളിവായി പ്രതിഭാഗം സാക്ഷിമൊഴികളും ചൂണ്ടിക്കാണിച്ചിരുന്നു.
മദ്യപിച്ച് വന്ന മകൻ വീട്ടിലെ സാധനങ്ങൾ എറിഞ്ഞതായും ഭർത്താവും മകനും തമ്മിൽ വാക്കേറ്റമുണ്ടായെന്നും യുവാവിന്റെ അമ്മ ക്രോസ് വിസ്താരത്തിനിടയിൽ വിശദമാക്കിയിരുന്നു. എന്നാൽ അമ്മയെന്നും ഭാര്യയെന്നും ഉള്ള അവസ്ഥയിലെ വൈകാരിക പ്രസ്താവനയായാണ് ഇതിനെ കോടതി വിലയിരുത്തിയത്. മകനെന്ന പരിഗണന പോലുമില്ലാതെ കത്രിക ഉപയോഗിച്ച് ദയയില്ലാതെ നടന്ന ആക്രമണം എന്നാണ് കോടതി സംഭവത്തേക്കുറിച്ച് പറയുന്നത്.