റഷ്യയിൽ മകൾ സ്കൂളിൽ യുദ്ധവിരുദ്ധ ചിത്രം വരച്ചതിനെ തുടർന്ന് അച്ഛനെ രണ്ട് വർഷത്തെ തടവിന് ശിക്ഷ. സായുധസേനയെ അപകീർത്തിപ്പെടുത്തി എന്നതാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. കുട്ടി വരച്ച ചിത്രത്തിൽ ഒരു ഉക്രൈൻ പതാക കാണാം. ഒപ്പം ‘ഉക്രൈന് മഹത്വം’ എന്നും എഴുതിയിട്ടുണ്ട്. അത് കൂടാതെ റഷ്യയുടെ പതാക വരച്ച് ‘നോ ടു വാർ’ എന്നും എഴുതിയിട്ടുണ്ട്.
അലക്സി മോസ്കലിയോവ് എന്നയാളാണ് മകൾ വരച്ച ചിത്രത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടത്. എന്നാൽ ഇയാൾ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ടതായി കോടതി പറഞ്ഞു. ഇയാൾ എവിടെയാണ് എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല എന്നാണ് റിപ്പോർട്ട്.
ഉക്രൈനിൽ നടക്കുന്ന യുദ്ധത്തെ കുറിച്ച് കമന്റിട്ടു എന്നും മോസ്കലിയോവിനെതിരെ പരാതിയുണ്ട്. എന്നാൽ, മകൾ ചിത്രം വരച്ചതിന് പിന്നാലെയാണ് ഇയാൾ തടവിലായത്. ഈ മാസം ആദ്യം മോസ്കലിയോവിനെ വീട്ടുതടങ്കലിലാക്കുകയും അങ്ങനെ 13 വയസ്സുള്ള മകൾ മാഷയിൽ നിന്ന് അകറ്റുകയും ചെയ്തിരുന്നു.
അതേസമയം മോസ്കോയുടെ തെക്ക് ഭാഗത്തുള്ള മോസ്കലിയോവിന്റെ ജന്മനാടായ യെഫ്രെമോവിലെ ചിൽഡ്രൻസ് ഹോമിലേക്ക് പിന്നീട് മാഷയെ മാറ്റി. ഇത് റഷ്യയിലെ മനുഷ്യാവകാശ പ്രവർത്തകരുടെ ഇടയിൽ വലിയ എതിർപ്പിനും വിമർശനത്തിനും കാരണമായിത്തീർന്നിരുന്നു. തുടർന്ന് എത്രയും പെട്ടെന്ന് അച്ഛനെയും മകളെയും ഒരുമിപ്പിക്കണം എന്ന ആവശ്യം മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്നുണ്ട്.