കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം രേഖാമൂലം സർക്കാരിനെ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം പോലെ മതിയെന്നും കുടുംബം പറഞ്ഞു. ഭാര്യ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 നാണ് അന്തരിച്ചത്. ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തുടർന്ന് ഉമ്മൻചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോൾ വികാര നിർഭരമായ മുദ്രാവാക്യങ്ങളുമായി ആൾക്കൂട്ടം അനുഗമിച്ചു. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടിക്ക് എ കെ ആന്റണിയും വി.എം.സുധാരനും അടക്കമുള്ള നേതാക്കൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ത്യാഭിവാദ്യം അർപ്പിച്ചത്.