തിരുവനന്തപുരം: വെളുക്കാനും സൌന്ദര്യത്തിനും ക്രീമുകളെ ആശ്രയിക്കുന്നവര്ക്ക് മുന്നറിയിപ്പ്. ഗുരുതരമായ വൃക്ക രോഗത്തിന് കാരണമാകുന്ന ഫേഷ്യൽ ക്രീമുകൾ കേരളത്തിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. മെർക്കുറി, ലെഡ് അടക്കമുള്ള ലോഹ മൂലകങ്ങൾ അടങ്ങിയ ക്രീമുകളാണ് ദോഷം അറിയാതെ പലരും വാങ്ങി പുരട്ടുന്നത്. പല പേരുകളിൽ ഓൺലൈൻ സൈറ്റുകളിലും ഫാൻസി കടകളിലും ഇത്തരം ഉൽപന്നങ്ങളുടെ വിൽപനയും തുടരുകയാണ്. മലപ്പുറം ആസ്റ്റർ മിംസിലെ ഡോക്ടർമാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത് നാരായണനും ആണ് വൃക്കരോഗികളിൽ നടത്തിയ പരിശോധനയിൽ അപൂർവ രോഗം പടരുന്നത് കണ്ടെത്തിയത്.
കേരളത്തിൽ കേസുകൾ കൂടുന്നെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നാണ് വ്യാജ ഫേഷ്യൽ ക്രീമുകൾ എത്തുന്നത്. ഇവയിൽ കൂടിയ അളവിൽ ലോഹ മൂലകങ്ങൾ അടങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂത്രത്തിൽ പതയും ശരീരത്തിൽ നീരുമാണ് അപൂർവ്വരോഗത്തിന്റെ ലക്ഷണങ്ങൾ. ജാഗ്രത വേണമെന്ന് ഡോക്ടർമാർ ആരോഗ്യവകുപ്പിനെ അറിയിച്ചു
കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെത്തിയ വൃക്ക രോഗികളിലാണ് ഡോക്ടർമാർ ഒരേ ലക്ഷണങ്ങൾ കണ്ടത്. മൂത്രത്തിൽ ചെറിയ തോതിൽ പതയും ശരീരത്തിൽ നീരുമായിരുന്നു ലക്ഷണങ്ങൾ. പരിശോധന നടത്തിയ ഡോക്ടർമാർക്ക് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മെർക്കുറി, ഈയം, കാഡ്മിയം, ആഴ്സനിക് തുടങ്ങിയ മൂലകങ്ങളുടെ അളവ് അനുവദനീയമായതിലും നൂറിലധികം മടങ്ങാണ് രോഗികളിൽ കണ്ടത്. എല്ലാവരും ഉപയോഗിച്ചത് ഒരേ തരത്തിലുള്ള വിവിധ പേരുകളിൽ പുറത്തിറങ്ങിയ ഫേഷ്യൽ ക്രീമുകളാണ്. തുടക്കത്തിൽ മുഖം വെളുത്തു തുടുക്കുമെങ്കിലും ഉപയോഗം നിർത്തിയാൽ അപകടമറിയാം.
മറ്റ് ആശുപത്രികളിലും ഇത്തരം രോഗികൾ എത്തുന്നുണ്ടെന്നും ഡോക്ടർമാരുടെ അന്വേഷണത്തിൽ വ്യക്തമായി. ചൈന, പാകിസ്ഥാൻ,തുർക്കി രാജ്യങ്ങളുടെ ലേബലിലാണ് ഉത്പന്നങ്ങൾ ഫാൻസി കടകളിലും ഓൺലൈൻ സൈറ്റുകളിലും വിൽപ്പന നടത്തുന്നത്. ആരോഗ്യവകുപ്പിനെ വിഷയം അറിയിച്ചിട്ടുണ്ടെന്നും വലിയ ജാഗ്രത വേണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.