ഇസ്ലാമാബാദ് : മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ പേരില്‍ പാകിസ്താനില്‍ തുടങ്ങിയ വ്യാജ ഷോറൂം അടപ്പിച്ചു.
ഇസ്ലാമാബാദിലെ ജ്വല്ലറിക്കെതിരായ നിയമ പോരാട്ടത്തില്‍ മലബാര്‍ ഗോള്‍ഡ് വിജയിച്ചു. പാക് പൗരനായ മുഹമ്മദ് ഫൈസാനെതിരെയാണ് മലബാര്‍ കേസ് ഫയല്‍ ചെയ്തത്.മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഷോറൂം പൂട്ടിക്കാന്‍ മലബാര്‍ ഗ്രൂപ്പിനായത്. മലബാറിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരെയും ജ്വല്ലറി ഡിസൈന്‍ ഉപയോഗിച്ചും സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണവും നടത്തിയുമാണ് ഇസ്ലാമാബാദില് ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നത്. മലബാര്‍ ഗോള്‍ഡിന്റെ ഫ്രാഞ്ചൈസി എന്ന പേരിലാണ് കബളിപ്പിക്കല്‍ നടത്തിയത്. ഇതിനെതിരെ മലബാര്‍ ഗ്രൂപ്പ് പാക് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
കേസില്‍ വ്യാജ ജ്വല്ലറിയുടെ എല്ലാ ബോര്‍ഡുകളും നീക്കം ചെയ്യാനും വ്യാപാര മുദ്രയുടെ ഉപയോഗങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടു. ആദ്യം കോടതി ഉത്തരവ് പാലിക്കാൻ പ്രതി വിസമ്മതിച്ചതിനു പിന്നാലെ മലബാര്‍ ഗ്രൂപ്പ് കോടതി അലക്ഷ്യ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്നു പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇതിനു ശേഷമാണ് പ്രതി ഒത്തുതീര്‍പ്പിനു തയാറായത്. ജ്വല്ലറിയുടെ പേരില്‍ ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനുള്ള അപേക്ഷ പ്രതി പിൻവലിച്ചു. കുറ്റസമ്മതം പാകിസ്താനിലെ പത്രങ്ങളില്‍ പരസ്യമായി നല്കി.