ബീജിംഗ് : യൂറോപ്യൻ രാജ്യങ്ങളിലും യു.എസിലും ചൈനയിലുമൊക്കെ ഇപ്പോള്‍ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കടുത്ത ചൂടിനിടെ പകല്‍ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്കുന്ന നിര്‍ദ്ദേശം.
കാരണം ശക്തമായ വെയില് നമ്മുടെ ചര്‍മ്മത്തിന് നല്ലതല്ല. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് സ്കിൻ കാൻസറിന് വരെ വഴിയൊരുക്കും.
കുറച്ച് നേരം ശക്തമായ വെയിലേറ്റാല് തന്നെ മുഖത്ത് സണ്‍ ടാൻ അല്ലെങ്കില്‍ കരിവാളിപ്പ് കാണാം. ഇതൊഴിവാക്കാൻ സണ്‍സ്ക്രീനുകളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാല്‍ സണ്‍സ്ക്രീനിന്റെ ചെലവും ആവര്‍ത്തിച്ച് പുരട്ടണമെന്നതും ചില അവസരങ്ങളില്‍ വെല്ലുവിളിയാകാറുണ്ട്. ഇനി സണ്‍സ്ക്രീനിനെ പോലും കടത്തിവെട്ടുന്ന തരത്തിലെ ചൂടാണെങ്കിലോ പുറത്ത്. ? ഏതായാലും ശക്തമായ ചൂടില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനുള്ള ‘ ഫേസ്കിനി ‘ ട്രെൻഡ് ചൈനയില്‍ വ്യാപകമാവുകയാണ്.
അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ ശേഷിയുള്ള തുണിയില്‍ നിര്‍മ്മിച്ച, മുഖത്തെ പൂര്‍ണമായും മൂടുന്ന തരത്തിലെ ഫേസ്മാസ്കാണിത്. കണ്ണ്, മൂക്ക്, വായ എന്നിവയുടെ ഭാഗങ്ങളില്‍ ദ്വാരങ്ങളുള്ള ഫേസ്കിനികള് ബീജിംഗിലെ തെരുവുകളിലും ബീച്ചുകളിലും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.
ആഗോള താപനത്തിന്റെ ഫലമായി ചൂട് ഇനിയും കുത്തനെ ഉയരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഫേസ്കിനികള്‍ക്ക് ഡിമാൻഡ് ഏറുകയാണ്. ചൈനയില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയ പ്രദേശങ്ങളിലെല്ലാം ഫേസ്കിനികള്‍ക്ക് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള ഫേസ്കിനികള് വിപണിയില്‍ വ്യാപകമാവുന്നുണ്ട്.
ഫേസ്കിനികള്‍ക്ക് പുറമേ ചൂടിനെ പ്രതിരോധിക്കുന്ന ശരീരം മൂടുന്ന വസ്ത്രങ്ങളും ജാക്കറ്റുകളും ഫാഷൻ ലോകത്ത് തരംഗമാകുന്നുണ്ട്. എവിടെയും കൊണ്ടുനടക്കാനാകുന്ന ചെറുഫാനുകളും വ്യാപകമാവുകയാണ്. കുഞ്ഞൻ ഫാനുകള്‍ ഘടിപ്പിച്ച തൊപ്പികള്‍ പോലും ലഭ്യമാണ്.