തിരുവനന്തപുരം: പാസ്പോര്‍ട്ട് സേവനങ്ങൾക്കായി ഓൺലൈൻ അപേക്ഷ നൽകാൻ ശ്രമിക്കുന്നവർക്ക് കേന്ദ്ര സർക്കാറിന്റെ ജാഗ്രതാ നിർദേശം. പാസ്‍പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ചാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്നത്. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സേവനങ്ങള്‍ക്കും അപ്പോയിന്റ്മെന്റിനും അധിക ചാര്‍ജുകള്‍ ഈടാക്കുന്നതായും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org തുടങ്ങിയവ വ്യാജ വെബ്‍സൈറ്റുകളിൽ ചിലതാണ്. ഇത്തരം വെബ്‍സൈറ്റുകളെല്ലാം .org, .in, .com എന്നീ ഡൊമൈനുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ പാസ്പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും ഇപ്പറഞ്ഞ വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.passportindia.gov.in ആണ്. പേക്ഷകര്‍ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പായ mPassport Seva ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.