ഇന്ന് ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിലായി കരയില്‍ ഇതിന്റെ ദുരന്തങ്ങളിലൂടെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം കടന്ന് പോകുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജൂണ്‍ മാസത്തോടെ ശക്തമാകേണ്ട മണ്‍സൂണ്‍ പോലും ഇത്തവണ ഏറെ വൈകിയിട്ടും ആരംഭിച്ചിട്ടില്ലെന്നത് തന്നെ ഇതിന്റെ പ്രത്യക്ഷ ഉദാഹരണം. അതോടൊപ്പം ഉത്തരേന്ത്യയില്‍ ശക്തമായ ഉഷ്ണതരംഗം വീശിയടിക്കുകയാണ്. ഇതിനിടെയാണ് ബ്രിട്ടനിലെ തീരത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വിദേശ മത്സ്യ ഇനങ്ങള്‍ തീരത്ത് കൂടുതലായി അടിയുന്നതായുള്ള വാര്‍ത്തകള്‍.
കൊവിഡിന് മുമ്പ് തന്നെ ജെല്ലി ഫിഷുകള്‍ പോലുള്ള വിദേശ മത്സ്യയിനങ്ങള്‍ ബ്രിട്ടന്റെ തീരത്ത് അടിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, അടുത്ത കാലത്തായി ഇവയുടെ വരവ് കൂടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഫ്രിക്കയുമായി ഏറെ അടുത്ത് നില്ക്കുന്ന തെക്കന്‍ യൂറോപ്പിന്റെ ഭാഗമായ പോര്‍ച്ചുഗീസ് തീരത്ത് സാധാരണയായി കാണപ്പെടുന്ന പോർച്ചുഗീസ് മാൻ ഓ വാർ, എന്ന ജെല്ലിഫിഷ് ഇനം ഇന്ന് ബ്രിട്ടന്റെ തീരത്തും സര്‍വ്വസാധാരണമായി. ജെല്ലിഫിഷ്, സ്രാവുകൾ, ആമകൾ എന്നിവയാണ് ബ്രിട്ടീഷ് തീരങ്ങളില്‍ കാണാന്‍ കൂടുതൽ സാധ്യതയുള്ളതായി കരുതപ്പെടുന്ന മറ്റ് ജീവിവർഗങ്ങൾ. കൊലയാളി തിമിംഗലത്തെയും സ്പേം തിമിംഗലത്തെയും കഴിഞ്ഞ കുറച്ച് മാസങ്ങളായി യുകെ തീരത്ത് കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.
“ഓഗസ്റ്റ് മുതൽ സെപ്തംബർ വരെ, ഞങ്ങൾക്ക് 18-19 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്, ഇടയ്ക്കിടെ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ജലത്തിന്റെ താപനില ഉയരുന്നു. മെഡിറ്ററേനിയനിൽ നിങ്ങൾ പ്രതീക്ഷിക്കുന്നത് ഇവയാണ്.’ ആംഗ്ലീസി കടല്മൃഗശാലയുടെ ഉടമ ഫ്രാങ്കി ഹോബ്രോ ദി മിററിനോട് പറഞ്ഞു. ‘താപന പ്രവണത തുടരുകയാണെങ്കിൽ, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യുകെ ജലാശയങ്ങളിലെ സമുദ്രജീവികളുടെ വൈവിധ്യത്തിൽ വലിയൊരു മാറ്റം നമുക്ക് കാണാന്‍ കഴിയും. പഫർ ഫിഷും ട്രിഗർ ഫിഷും കൊഞ്ചിനുള്ള ചട്ടികളിൽ ഇടം പിടിക്കുന്നത് ഞങ്ങൾ ഇതിനകം കാണുന്നു, അവയുടെ എണ്ണം ഇനിയും വർദ്ധിക്കും. കൂടാതെ ബ്ലൂഫിൻ ട്യൂണ, ഷോർട്ട്ഫിൻ മാക്കോ സ്രാവുകൾ എന്നിവയും പ്രദേശത്ത് കൂടുതലായി കാണപ്പെടുന്നു. അവർ എല്ലായ്പ്പോഴും ഇവിടെയുണ്ടായിരുന്നു, പക്ഷേ, അവർ കാണാൻ കൂടുതൽ സാധ്യതയുള്ള സ്ഥലത്തേക്ക് കൂടുതൽ അടുത്ത് പോയേക്കാം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫഷണല്‍, അമച്വർ ഫോട്ടോഗ്രാഫർമാര്‍ പ്രശസ്തമായ ബ്രിട്ടീഷ് ബീച്ചുകളിൽ നിന്ന് വിദേശ കടൽജീവികളുടെ അവിശ്വസനീയമായ ചിത്രങ്ങൾ ഇതിനകം പകർത്തിയിട്ടുണ്ട്, അവയിൽ ചിലത് പ്രദേശത്ത് മുമ്പിതുവരെ കണ്ടിട്ടില്ലാത്തവയാണ്.
ചൂട് കൂടുമ്പോള്‍ ബ്രിട്ടനില്‍ എത്താന്‍ പോകുന്ന മറ്റ് ജീവികളില്‍ പ്രധാനപ്പെട്ടതാണ് ‘ഡ്രാക്കുള കുതിരപ്പട’ എന്നറിയപ്പെടുന്ന ഈച്ച വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികള്‍. തബാനിഡേ (Tabanidae) എന്നും കുതുരയീച്ചയെന്നും ഇവ അറിയപ്പെടുന്നു. ഇവയ്ക്ക് വസ്ത്രങ്ങൾ കീറി മനുഷ്യശരീരത്തില്‍ കടിക്കാന്‍ കഴിയും. ഇവ ശരീരത്തില്‍ കടിച്ച സ്ഥലത്ത് വീക്കം, അനാഫൈലക്സിസ് എന്ന അലര്‍ജി രോഗം. ശ്വാസതടസ്സം, തലകറക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കും. ഈ ജീവികളെ ഇതിനകം തന്നെ ‘മുള്ളുള്ളതും കടിക്കുന്നതുമായ അകറ്റി നിര്‍ത്തേണ്ട ആദ്യ പത്ത് ജീവികളിലൊന്നായി’ ബ്രിട്ടീഷ് പെസ്റ്റ് കൺട്രോൾ അസോസിയേഷൻ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. “അക്ഷരാർത്ഥത്തിൽ ഒരു കുതിരയെ ഭക്ഷിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു, അവയുടെ കടി ശ്രദ്ധേയവും വേദനാജനകവുമാണ്. കുതിരയീച്ച ഒരു വിഷമുള്ള പ്രാണിയാണ്, അവർക്ക് ഏകദേശം 15 മൈൽ വേഗതയിൽ നിങ്ങളെ സ്ഥിരമായി പിന്തുടരാൻ കഴിയും, അത് വസ്ത്രങ്ങളിലൂടെ തന്നെ കടിക്കും. ഇതിന് മാംസം കീറാന്‍ കഴിയുന്ന ശക്തമായ താടിയെല്ലുകളുണ്ട്. കുതിരയീച്ചയെ കുറിച്ചുള്ള മുന്നറിയിപ്പില്‍ എൻഎച്ച്എസ് പറയുന്നു.