ചേർത്തല : അനധികൃത മദ്യ വില്പന നടത്തിവന്ന യുവാവിനെ എക്സൈസ് പിടികൂടി. അർത്തുങ്കൽ ആയിരം തൈപള്ളിപ്പറമ്പിൽ ടോണിയെ (ഷെറിനെ -25) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചുവച്ച മൂന്നു ലിറ്റർ മദ്യം ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡ്രൈ ഡേ ആയതിനാൽ ഇയാൾ വീട്ടിൽ മദ്യം സൂക്ഷിച്ചുവച്ച് വിൽപ്പന നടത്തി വരികയായിരുന്നു. മദ്യം വിറ്റ് കിട്ടിയ 3000 രൂപയും എക്സൈസ് കണ്ടെടുത്തു.
കുറച്ചു നാളുകളായി വ്യാപകമായി മദ്യ വില്പന നടത്തി വരികയായിരുന്ന ഷെറിനെ ഷാഡോ എക്സൈസ് സംഘം നിരീക്ഷിച്ചതിനുശേഷമാണ് പിടികൂടിയത്. ഇയാൾക്ക് മദ്യ വില്പന നടത്തുവാൻ നിരവധി ഏജന്റ്മാർ പ്രദേശത്ത് പ്രവർത്തിച്ചുവരുന്നതായും ഷെറിൻ സമ്മതിച്ചതായും , ഇവരെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായി എക്സൈസിനെ ലഭിച്ചതായും, വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ വി ജെ റോയ് പറഞ്ഞു. ചേർത്തല റേഞ്ച് അസിസ്റ്റന്റ് എക്സൈസ് എൻ ബാബു , പ്രിവന്റി ഓഫീസർ ഷിബു പി ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി എം ബിയാസ്, പി പ്രതീഷ് എന്നിവരും അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു.