ലിസ്ബണ്‍: ഇല്ല, പറങ്കിപ്പടയുടെ കുപ്പായത്തില്‍ അയാളിലെ ഫുട്ബോൾ മായാജാലം അവസാനിച്ചിട്ടില്ല. യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ലീച്ചെൻസ്റ്റൈനെതിരെ പോർച്ചുഗൽ 4-0ന് ജയഘോഷയാത്ര തുടങ്ങിയപ്പോൾ ഇരട്ട ഗോളുകളുമായി കളംവാണു ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒന്ന് പെനാൽറ്റിയെങ്കിൽ മറ്റൊന്ന് തന്റെ പ്രതാപകാലം ഓർമ്മിപ്പിച്ചുള്ള വണ്ടർ ഫ്രീകിക്ക് ഗോള്‍. ഇതോടെ ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ നേട്ടം 120 ആയി. ജോ കാൻസലോ, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റ് സ്കോറർമാർ.
ലീച്ചെൻസ്റ്റൈനെതിരായ പോരാട്ടത്തോടെ പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടത്തിലെത്തി സാക്ഷാൽ സിആർ7. 38കാരനായ റൊണാൾഡോയുടെ 197-ാം മത്സരമായിരുന്നു ഇത്. 196 മത്സരങ്ങള്‍ കളിച്ച കുവൈത്തിന്റെ ബാദർ അൽ മുത്താവയുടെ റെക്കോര്‍ഡ് റൊണാള്‍ഡോ തകര്‍ത്തു.
സർവ്വം സിആർ7 മയമായിരുന്നു പോര്‍ച്ചുഗല്‍-ലീച്ചെൻസ്റ്റൈന് മത്സരം. ഖത്തർ ലോകകപ്പിലെ വിവാദ ബഞ്ചിലിരിപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്റ്റാർട്ടിംഗ് ഇലവനിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസ്. ക്യാപ്റ്റന്റെ ആം ബാൻഡും ടീമിലെ സീനിയർ താരത്തിന്റെ കൈകളിലെത്തി. കിക്കോഫായി എട്ടാം മിനുറ്റില്‍ ജോ കാന്‍സലോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചപ്പോള്‍ 47-ാം മിനുറ്റില്‍ ബെര്‍ണാഡോ സില്‍വ ലീഡ് രണ്ടായി ഉയര്‍ത്തി. ഇതിന് ശേഷമായിരുന്നു സിആര്‍7ന്റെ ഇരട്ട ഗോള്‍. 51-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ അനായാസം വല ചലിപ്പിച്ച ഇതിഹാസ താരം 63-ാം മിനുറ്റിലെ ഫ്രീകിക്കിലൂടെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ചു. ഇതോടെ 4-0ന്റെ സമ്പൂര്‍ണ ജയം സ്വന്തമാക്കുകയായിരുന്നു പറങ്കിപ്പട.