ബ്രസല്‍സ്: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇന്ത്യൻ സര്‍ക്കാരിനെ വിമര്‍ശിച്ച് യൂറോപ്യൻ യൂണിയൻ ( ഇ.യു ) പാര്‍ലമെന്റ്.മണിപ്പൂര്‍ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളടക്കം ചൂണ്ടിക്കാട്ടിയുള്ള പ്രമേയം ഫ്രഞ്ച് നഗരമായ സ്ട്രാസ്ബര്‍ഗ് ആസ്ഥാനമായുള്ള ഇ.യു പാര്‍ലമെന്റ് പാസാക്കി. മണിപ്പൂര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മണിപ്പൂരില്‍ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നതായും സംഘര്‍ഷത്തില്‍ അടിയന്തര പരിഹാരം കാണണമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ഇന്റര്‍നെറ്റ് നിരോധനം ഒഴിവാക്കണമെന്നും ഇ.യു ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസില്‍ സന്ദര്‍ശനത്തിനെത്തിയ പശ്ചാത്തലത്തിലാണ് ഇ.യുവിന്റെ നീക്കം. മണിപ്പൂര്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം ആറ് പാര്‍ലമെന്ററി ഗ്രൂപ്പുകള്‍ ചേര്‍ന്ന് ജൂണ്‍ 11നാണ് ആരംഭിച്ചത്. പ്രമേയത്തിന്റെ ചര്‍ച്ച പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് ആരംഭിച്ചിരുന്നു.